ഓട്ടവ: യൂറോപ്യൻ യൂണിയനുമായി (ഇ.യു) രൂപപ്പെടുന്ന പുതിയ സഹകരണ ബന്ധത്തിന് തൽക്കാലം പ്രത്യേക പേര് നൽകാൻ കാനഡ ഉദ്ദേശിക്കുന്നില്ലെന്ന് അംബാസഡർ ജോനാഥൻ വിൽക്കിൻസൺ അറിയിച്ചു. ഇ.യു കമ്മീഷൻ പ്രസിഡന്റ് ഉഴ്‌സുല വോൺ ഡെർ ലെയൻ കാനഡയെ ഇ.യുവിന്റെ ആദ്യത്തെ ‘അസോസിയേറ്റ് അംഗം’ ആക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതൊരു പൂർണ്ണ അംഗത്വ ചർച്ചയല്ലെന്നും സഹകരണത്തിന്റെ സ്വഭാവം ഇനിയും വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം ഓട്ടവയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ. രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള ചർച്ചകൾക്കാണ് കാനഡ മുൻഗണന നൽകുന്നത്. ബന്ധത്തിന് എന്ത് പേരിടുന്നു എന്നതിനേക്കാൾ, ഇരു രാജ്യങ്ങൾക്കും ലഭിക്കുന്ന പ്രായോഗിക നേട്ടങ്ങളാണ് പ്രധാനം. ഇനിയും നിരവധി സാങ്കേതിക വിഷയങ്ങളിൽ തീരുമാനമാകാനുണ്ട്.
Also Read : കാനഡയിലെ അവസാനത്തെ എപ്പിഷെൽഫ് തടാകവും ഇല്ലാതായി: പഠന റിപ്പോർട്ട് പുറത്ത്
മോൺട്രിയലിൽ നടക്കാനിരിക്കുന്ന കാനഡ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഈ വിഷയം പ്രധാന ചർച്ചയാകും. ഉച്ചകോടിയിൽ സാമ്പത്തിക, സുരക്ഷാ സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ധാരണയായേക്കും. യൂറോപ്പുമായി കൂടുതൽ അടുക്കാൻ താല്പര്യമുണ്ടെങ്കിലും, ബന്ധത്തിന്റെ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുകയെന്ന് കാനഡ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









