ടൊറന്റോ: കാനഡയിൽ ഈ വർഷത്തെ ഫ്ലൂ സീസൺ പതിവിലും ഏഴ് ആഴ്ച മുമ്പ് തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്താൽ വലിയ ആശങ്കയ്ക്ക് വകയില്ലെന്ന് അവർ വ്യക്തമാക്കി.ഒക്ടോബർ 17-ൽ അവസാനിച്ച ആഴ്ചയിൽ നടത്തിയ പരിശോധനകളിൽ 6.1 ശതമാനം പേർക്ക് ഫ്ലൂ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇത് 0.8 ശതമാനം മാത്രമായിരുന്നു. 5 ശതമാനമാണ് പകർച്ചവ്യാധി പരിധി. കഴിഞ്ഞ വർഷം നവംബർ പകുതിയോടെയാണ് കാനഡ ഈ പരിധി മറികടന്നത്.
ഓസ്ട്രേലിയയിലെ ഫ്ലൂ സീസൺ വൈകി അവസാനിച്ചതും പസഫിക് തീരങ്ങൾ വഴി വൈറസ് എത്തിയതുമാണ് രോഗം നേരത്തെയാകാൻ കാരണമെന്ന് വിദഗ്ധർ കരുതുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ സെപ്റ്റംബർ അവസാനം തന്നെ പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 15 ശതമാനം വരെയായി ഉയർന്നിരുന്നു.
2009-ലെ പന്നിപ്പനിയ്ക്ക് കാരണമായ H1N1 വകഭേദമാണ് ഇപ്പോൾ പ്രധാനമായും പടരുന്നത്. അമേരിക്കയിൽ ഇതിൽ ചെറിയൊരു ജനിതകമാറ്റം കണ്ടെത്തിയെങ്കിലും കാനഡയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും രോഗതീവ്രത കുറയ്ക്കാനും ആശുപത്രിവാസം ഒഴിവാക്കാനും എല്ലാവരും വാക്സിൻ എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. വിവിധ പ്രവിശ്യകളിൽ ഒക്ടോബർ മാസം മുതൽ തന്നെ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





