ടൊറന്റോ; ഗ്രേറ്റർ ടൊറന്റോ ആൻഡ് ഹാമിൽട്ടൺ മേഖലയിലെ (GTHA) 14 വാഹനമോഷണങ്ങളുമായി ബന്ധപ്പെട്ട് ക്യുബെക്കിലെ സെന്റ്-ജെറോമിൽ നിന്നുള്ള 25കാരൻ പിടിയിൽ. ഡാരിൽ ഡവാൻസിനെന്ന യുവാവിനെതിരെ 29 കേസുകളാണ് ഹാൾട്ടൺ റീജിയണൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18ന് അറസ്റ്റിലായ ഇയാൾ മോഷണത്തിന് മുമ്പ് വാഹനങ്ങളിൽ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ച് അവയുടെ സ്ഥാനം നിരീക്ഷിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏപ്രിലിൽ ഓക്വില്ലിൽ വാഹനമോഷണശ്രമത്തെക്കുറിച്ച് ലഭിച്ച പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന AccuTag ട്രാക്കർ ഉടമ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് മുതൽ ഓഗസ്റ്റ് വരെ മോഷണം പോയ 14 ടൊയോട്ട, ലെക്സസ് വാഹനങ്ങൾ പ്രതിയുമായി ബന്ധിപ്പിച്ചു. വാഹനമോഷണവുമായി ബന്ധപ്പെട്ട 14 കേസുകൾ, റിലീസ് ഓർഡർ ലംഘിച്ചതിന് 14 കേസുകൾ, 5,000 ഡോളറിന് മുകളിലുള്ള നാശനഷ്ടവുമായി ബന്ധപ്പെട്ട ഒരു കേസ് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ALSO READ ; സൗഹൃദം പ്രണയമായി; ഉയരവ്യത്യാസം കൊണ്ട് വൈറലായി ടൊറന്റോ ദമ്പതികൾ
ഷോപ്പിങ് മാളുകൾ, ഹോട്ടൽ പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ വാഹനങ്ങളിൽ GPS അല്ലെങ്കിൽ Bluetooth ട്രാക്കറുകൾ ഒളിപ്പിച്ച് പിന്നീട് വാഹനത്തിന്റെ സ്ഥാനം നിരീക്ഷിച്ചാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അതിനാൽ വാഹന ഉടമകൾ പരിചയമില്ലാത്ത ഉപകരണങ്ങൾക്കായി വാഹനങ്ങൾ പരിശോധിക്കുകയും ട്രാക്കറുകൾ കണ്ടെത്താനുള്ള ആപ്പുകൾ ഉപയോഗിക്കുകയും വാഹനത്തിന്റെ സുരക്ഷാ ക്യാമറ സംവിധാനം സജീവമാക്കുകയും ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു. പ്രതിക്ക് കൂടുതൽ വാഹനമോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്. ഈ കേസിലെ ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പോലിസ് പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




