ടൊറന്റോ; ബ്രൈഡൽ പാത്ത് മേഖലയിൽ പ്രമുഖ വ്യവസായി ഡേവിഡ് മോർട്ടന്റെ വീട് ആക്രമിച്ച് കുടുംബാംഗങ്ങളെ പരിക്കേൽപ്പിച്ച കേസിൽ പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ടൊറന്റോ സ്വദേശിയായ ഡൈജോൺ റിച്ചാർഡ്സ് (23) ആണ് കേസിൽ പോലീസിന്റെ തിരച്ചിൽ നേരിടുന്ന പ്രതി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഹൈഡ് പാർക്ക് സർക്കിളിന് സമീപമുള്ള വസതിയിലായിരുന്നു സംഭവം.
പ്രതികൾ ധനികരായ ആളുകളുടെ വീടുകളിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ഇൻസ്പെക്ടർ ക്രിസ്റ്റി സ്മിത്ത് വ്യക്തമാക്കുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മോർട്ടന്റെ 75-ഉം 64-ഉം വയസ്സുള്ള മാതാപിതാക്കളെയും 26-ഉം 28-ഉം വയസ്സുള്ള രണ്ട് പെൺമക്കളെയും പ്രതികൾ ചുറ്റികകൊണ്ടും തോക്കുകൊണ്ടും ആക്രമിച്ചു. പരിക്കേറ്റ നാലുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ
ആക്രമണത്തിനിടയിൽ ഒപ്പമുണ്ടായിരുന്ന പ്രതിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ റിച്ചാർഡ്സ് വ്യാഴാഴ്ച തന്നെ ടൊറന്റോയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തെങ്കിലും കേസിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ അന്ന് അറസ്റ്റ് ചെയ്യാനായില്ല. തുടർന്ന് വെള്ളിയാഴ്ച ഇയാൾ ആശുപത്രിയിൽ നിന്ന് പോവുകയായിരുന്നു.
ഒളിവിലുള്ള റിച്ചാർഡ്സിനോട് അഭിഭാഷകനെ കണ്ട് എത്രയും വേഗം കീഴടങ്ങാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ആയുധങ്ങൾ കൈവശം വെച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ ഇവരെ നേരിടരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





