ഹാലിഫാക്സ്: നോവ സ്കോഷ്യയിലുള്ള ബെർവിക് ഫുഡ് ബാങ്കിൽ തുടർച്ചയായി അതിക്രമിച്ചുകയറലും കവർച്ചയും നടക്കുന്നതായി റിപ്പോർട്ട്. രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇവിടെ മോഷണശ്രമം ഉണ്ടായത്. ഒന്നര വർഷം മുൻപ് നടന്ന ആദ്യ മോഷണത്തിൽ ഒരു ലാപ്ടോപ്പ് നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഫുഡ് ബാങ്കിന്റെ രണ്ട് വാതിലുകളും തകരുകയും പിന്നീട് ഇവ ഇരുമ്പ് പാളികൾ ഉപയോഗിച്ച് ശക്തിപ്പെടുത്തുകയും ചെയ്തതായി ഫുഡ് ബാങ്ക് ബോർഡ് അംഗവും സന്നദ്ധപ്രവർത്തകനുമായ ഷോൺ മ്യൂസെറോൾ വ്യക്തമാക്കി. ഒടുവിൽ നടന്ന മോഷണത്തിൽ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ സംഘം മൂന്ന് ട്രോളി നിറയെ ഭക്ഷ്യസാധനങ്ങൾ കവർന്നതായും അദ്ദേഹം അറിയിച്ചു.
1987-ൽ പ്രവർത്തനം ആരംഭിച്ച ബെർവിക് ഫുഡ് ബാങ്ക് നിലവിൽ ആഴ്ചയിൽ നാൽപ്പതോളം കുടുംബങ്ങൾക്കാണ് സഹായം എത്തിക്കുന്നത്. മുൻപ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടില്ലെന്നും നിലവിലെ സംഭവങ്ങൾ സന്നദ്ധപ്രവർത്തകരിൽ നിരാശയുണ്ടാക്കുന്നതായും മ്യൂസെറോൾ പറഞ്ഞു. കവർച്ച ചെയ്യപ്പെട്ട ഭക്ഷണസാധനങ്ങളുടെയും തകർത്ത വാതിലുകൾ നന്നാക്കിയതിന്റെയും ആകെ നഷ്ടം 2,000 ഡോളറിലധികം വരുമെന്നാണ് ഭാരവാഹികളുടെ പ്രാഥമിക വിലയിരുത്തൽ. മോഷണം പോയ അഞ്ച് ഗ്രോസറി കാർട്ടുകൾ സമീപത്തെ വനപ്രദേശത്തുനിന്ന് പിന്നീട് കണ്ടെടുത്തു. സംഭവത്തിൽ ഓരോ തവണയും പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും കെട്ടിടത്തിൽ പുതിയ സുരക്ഷാ സംവിധാനങ്ങളും കാമറകളും സ്ഥാപിച്ചുവരികയാണെന്നും ഫുഡ് ബാങ്ക് അധികൃതർ അറിയിച്ചു.
പ്രദേശത്തെ ഭവനപ്രതിസന്ധി, ലഹരി ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥൻ അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധികൾ പരിഹരിക്കാൻ കൂടുതൽ പിന്തുണയും സഹായങ്ങളും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യക്കാർക്ക് അവരുടെ വീട്ടുപടിക്കൽ വരെ സാധനങ്ങൾ എത്തിച്ചുനൽകുന്ന ഫുഡ് ബാങ്കിന് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ഇതിന് പിന്നിൽ ദാരിദ്ര്യമോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ആകാം എന്നാണ് കരുതുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Berwick Food Bank in Nova Scotia to install security cameras after repeated robberies
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




