വൻകൂവർ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഡ്രൈവിംഗ് ലൈസൻസ്, നികുതി, ഉപഭോക്തൃ സംരക്ഷണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമ പരിഷ്കാരങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. പ്രവിശ്യയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കുന്ന വിവിധ മേഖലകളിലാണ് സർക്കാർ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ.
പുതിയ ഉത്തരവ് പ്രകാരം പ്രവിശ്യയിലെ ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിൽ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ICBC നടപ്പിലാക്കുന്നത്. ക്ലാസ് 7 നൊവീസ് ലൈസൻസുള്ളവർക്ക് ക്ലാസ് 5 ലൈസൻസിലേക്ക് മാറാൻ ഇനി രണ്ടാമത് റോഡ് ടെസ്റ്റ് ആവശ്യമില്ല. പകരം ഡ്രൈവിംഗ് റെക്കോർഡ് വിലയിരുത്തി അപ്ഗ്രേഡ് നൽകും. ഒപ്പം, ഒക്ടോബർ 1 മുതൽ കേബിൾ ടിവി, ലാൻഡ്ഫോൺ തുടങ്ങിയ സേവനങ്ങൾക്കുണ്ടായിരുന്ന 7 ശതമാനം PST നികുതി ഇളവുകൾ അവസാനിക്കുകയും ചെയ്തു.
പൊതുസുരക്ഷ മുൻനിർത്തി സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ തോക്കുകൾ നിരോധിക്കുകയും വാഹനങ്ങളിൽ ലോഡ് ചെയ്ത തോക്കുകൾ സൂക്ഷിക്കുന്നത് കുറ്റകരമാക്കുകയും ചെയ്തു. കൂടാതെ ബിസി ഹൈഡ്രോ വഴി യോഗ്യരായ ഉപഭോക്താക്കൾക്ക് സൗജന്യ സ്മാർട്ട് തെർമോസ്റ്റാറ്റുകൾ നൽകുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഒപ്പം, മോർട്ട്ഗേജ് ബ്രോക്കർമാർക്ക് പുതിയ ലൈസൻസിംഗ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തി വായ്പക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കി.
കുടുംബ വഴക്കുകളിലും വസ്തു തർക്ക കേസുകളിലും തീർപ്പുണ്ടാക്കുന്നതും കോടതി നടപടികൾ വേഗത്തിലാക്കുന്നതുമായി പുതിയ സംവിധാനം നിലവിൽ വന്നു. ഇതനുസരിച്ച് പരാതി നൽകുന്നയാൾ, കേസിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ എതിർകക്ഷിക്ക് നൽകണം. കൂടാതെ, ഒക്ടോബർ 30 മുതൽ പെൻഷൻ നിയമങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. വിരമിക്കുമ്പോഴേക്കും കൂടുതൽ തുക സമ്പാദിക്കാൻ സഹായിക്കുന്ന ഓട്ടോമാറ്റിക് സമ്പാദ്യ രീതിയും, ജീവനക്കാരൻ മരിച്ചാൽ പങ്കാളിക്ക് ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങളും ഇതിലൂടെ വിപുലീകരിച്ചു.
Also Read: കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനിഫിറ്റ്: നിങ്ങളും അർഹരാണോ? വിശദാംശങ്ങൾ അറിയാം
ട്രേഡ് റെക്കഗ്നിഷൻ ആക്ട് നിലവിൽ വന്നതോടെ കാനഡയിലെ മറ്റ് പ്രവിശ്യകളിലെ ഉൽപ്പന്നങ്ങളും സേവനങ്ങളും ബ്രിട്ടീഷ് കൊളംബിയയിൽ എളുപ്പത്തിൽ ലഭ്യമാകും. ഇതോടൊപ്പം മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് നിക്ഷേപകരോട് ഫീസുകളും കമ്മീഷനുകളും സുതാര്യമായി വെളിപ്പെടുത്താൻ നിർദ്ദേശം നൽകുകയും ഡിഫേർഡ് സെയിൽസ് ചാർജ് (DSC) രീതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമഗ്ര മാറ്റങ്ങൾ പ്രവിശ്യയിലെ സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





