ബാരി: ജീവനച്ചെലവ് കുത്തനെ ഉയർന്നിട്ടും കാനഡയിലെ ബാരി നഗരത്തിൽ റിയൽ എസ്റ്റേറ്റ് മേഖല മികച്ച വളർച്ച കൈവരിക്കുന്നതായി പുതിയ റിപ്പോർട്ട്. രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും വീടുവിൽപ്പന കുറയുമ്പോൾ, കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 7.5 ശതമാനം വളർച്ചയാണ് ബാരി സ്വന്തമാക്കിയത്. ബാരിയെക്കൂടാതെ മോൺട്രിയൽ നഗരത്തിൽ മാത്രമാണ് ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയത്.
റെന്റൽ പ്ലാറ്റ്‌ഫോമായ ‘സമ്പർ’ (Zumper) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കാനഡയിൽ ഏറ്റവും വേഗത്തിൽ വാടകനിരക്ക് കൂടിയ നഗരമായി ബാരി മാറി. ഒറ്റ മാസം കൊണ്ട് 6.3 ശതമാനത്തിന്റെ വർദ്ധനവാണ് വാടകയിലുണ്ടായത്. ഇതോടെ രാജ്യത്ത് വാടകച്ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയിൽ ബാരി ഏഴാം സ്ഥാനത്തെത്തി. നിലവിൽ ഇവിടെ ഒരു വൺ-ബെഡ്‌റൂം വീടിന് ശരാശരി 1,870 ഡോളറും, ടു-ബെഡ്‌റൂം വീടിന് 2,010 ഡോളറുമാണ് പ്രതിമാസ വാടക.
ജീവിക്കാൻ ചെലവേറിയ നഗരമായി മാറിയിട്ടും ബാരിയിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതാണ് ഈ വളർച്ചയ്ക്ക് കാരണം. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം വീടുവിൽപ്പനയിലും താമസക്കാരുടെ എണ്ണത്തിലും ബാരി മുന്നേറുകയാണ്. അതേസമയം, വൺ-ബെഡ്‌റൂം വീടിന് ശരാശരി 2,390 ഡോളർ വാടകയുള്ള വാൻകൂവർ ആണ് കാനഡയിൽ വാടകനിരക്കിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തുനിൽക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









