അർജന്റീനയുടെ സ്റ്റേറ്റ് ഇന്റലിജൻസ് സെക്രട്ടേറിയറ്റ് (SIDE) ചരിത്രത്തിലാദ്യമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ (ചാരന്മാരെ) നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ 3-ന് ആരംഭിച്ച ഈ വേറിട്ട റിക്രൂട്ട്മെന്റ് ക്യാമ്പെയ്ന് വൻ ജനശ്രദ്ധയാണ് ലഭിച്ചത്. പരസ്യം പുറത്തുവന്ന് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 40,000-ത്തിലധികം അപേക്ഷകളാണ് ഏജൻസിക്ക് ലഭിച്ചതെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ പ്രശസ്തമായ ‘അങ്കിൾ സാം’ റിക്രൂട്ട്മെന്റ് പരസ്യങ്ങളുടെ മാതൃകയിലാണ് ബ്യൂണസ് അയേഴ്സ് നഗരത്തിലും സർവകലാശാലാ പരിസരങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചത്. ‘മികച്ചവരെ തേടുന്നു’ എന്ന ആശയത്തിലൂന്നിയുള്ള ഈ പ്രചാരണത്തിലൂടെ കൂടുതൽ സുതാര്യവും പ്രൊഫഷണലുമായ ഒരു ഇന്റലിജൻസ് സംവിധാനം രൂപീകരിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. മുൻപ് രഹസ്യാന്വേഷണ മേഖലയിലോ സുരക്ഷാ വിഭാഗങ്ങളിലോ പ്രവർത്തി പരിചയമില്ലാത്ത സാധാരണക്കാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
അർജന്റീന പൗരത്വവും സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുമുള്ള ആർക്കും ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം. സ്ട്രാറ്റജിക് അനാലിസിസ്, സൈബർ ഇന്റലിജൻസ്, സാങ്കേതികവിദ്യ, വിദേശ ഭാഷകൾ, പ്രാദേശിക പഠനം, കൗണ്ടർ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയാണ് ഏജൻസി പ്രധാനമായും പരിഗണിക്കുന്നത്. പ്രൊഫൈൽ പരിശോധനയ്ക്കും ഓൺലൈൻ പരീക്ഷയ്ക്കും ശേഷം എഴുത്തുപരീക്ഷ, അഭിമുഖം, ശാരീരിക-മാനസിക പരിശോധനകൾ എന്നിവ വിജയിക്കുന്നവർക്ക് നാഷണൽ ഇന്റലിജൻസ് സ്കൂളിൽ പ്രത്യേക പരിശീലനം നൽകും.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ആണ്. അതേസമയം, ഒഴിവുകളുടെ എണ്ണമോ പ്രതീക്ഷിക്കുന്ന ശമ്പളമോ ഏജൻസി പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ജോലിക്ക് നിശ്ചിത സമയപരിധിയില്ലെന്നും കടുത്ത വെല്ലുവിളികളും ജീവന് തന്നെ അപകടസാധ്യതയുള്ള സാഹചര്യങ്ങളും നേരിടേണ്ടി വരുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു രഹസ്യാന്വേഷണ ഏജൻസി ഇത്തരത്തിൽ പരസ്യ പ്രചാരണം വഴി ആളുകളെ നിയമിക്കുന്നതിനെതിരെ ചില മുൻ ഉദ്യോഗസ്ഥരിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





