ഓട്ടവ : ആൽബർട്ടയിൽ നിർണായക ജനഹിതപരിശോധനയ്ക്ക് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, കാനഡയിൽ തന്നെ തുടരണമെന്ന നിലപാടിന് ജനപിന്തുണയേറുന്നതായി പുതിയ സർവേ ഫലം. ഒക്ടോബർ 19 തിങ്കളാഴ്ച നടക്കുന്ന ഹിതപരിശോധനയ്ക്ക് തൊട്ടുമുമ്പ് പ്രമുഖ സർവേ ഏജൻസിയായ അബാക്കസ് ഡാറ്റ നടത്തിയ അഭിപ്രായ സർവേയിലാണ് കാനഡയ്ക്കൊപ്പം നിലകൊള്ളാൻ ആൽബർട്ടക്കാർ താല്പര്യപ്പെടുന്നതായി കണ്ടെത്തിയത്.
ഒക്ടോബർ 7 മുതൽ 13 വരെയുള്ള തീയതികളിൽ 1,021 യോഗ്യരായ വോട്ടർമാർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 68 ശതമാനം ആളുകളും ആൽബർട്ട കാനഡയുടെ പ്രവിശ്യയായിത്തന്നെ തുടരണമെന്ന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. സെപ്റ്റംബറിൽ ഇത് 64 ശതമാനമായിരുന്നു. അതേസമയം, കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി ഭാവിയിൽ നിയമപരമായ ജനഹിതപരിശോധന നടത്തുന്നതിനുള്ള പ്രക്രിയകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം 24 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്.
നിർണായകമായ തീരുമാനം എടുക്കാതിരുന്ന വോട്ടർമാർ അവസാന നിമിഷത്തിൽ കാനഡയ്ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതാണ് ഈ വർദ്ധനവിന് കാരണമെന്ന് അബാക്കസ് ഡാറ്റയുടെ സ്ട്രാറ്റജിസ്റ്റ് റോബ്സൺ ഫ്ലെച്ചർ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്ത തീരുമാനമെടുത്ത വോട്ടർമാരിൽ 74 ശതമാനം പേരും കാനഡയിൽ തുടരാൻ താല്പര്യപ്പെടുമ്പോൾ 26 ശതമാനം പേർ മാത്രമാണ് വേർപിരിയൽ നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെടുന്നത്. അഡ്മണ്ടൻ (77%), കാൽഗറി (75%) തുടങ്ങിയ പ്രധാന നഗരങ്ങളിലും ഗ്രാമീണ മേഖലകളിൽ പോലും കാനഡയ്ക്കൊപ്പം നിൽക്കണമെന്ന നിലപാടിനാണ് ഭൂരിപക്ഷം.
പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യു.സി.പി) അനുഭാവികൾക്കിടയിൽ വിഷയത്തിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. യു.സി.പി അനുകൂലികളിൽ 52 ശതമാനം പേർ വേർപിരിയൽ നടപടികളെ പിന്തുണയ്ക്കുമ്പോൾ 44 ശതമാനം പേർ കാനഡയിൽ തുടരണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ പ്രതിപക്ഷമായ എൻ.ഡി.പി അനുഭാവികളിൽ 93 ശതമാനവും കാനഡയിൽ തുടരണമെന്ന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കുന്നു.
വേർപിരിയൽ നടപടികൾ ആരംഭിക്കണമെന്ന് വോട്ട് ചെയ്യുന്ന എല്ലാവരും അൽബെർട്ട ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരുമായി മികച്ച കരാറുകളിലെത്താനും, കേന്ദ്രത്തിന് ശക്തമായ സന്ദേശം നൽകാനും, ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാനുമാണ് പലരും ഇതിനെ പിന്തുണയ്ക്കുന്നത്. തപാൽ വോട്ടുചെയ്ത 93 ശതമാനം പേരും കാനഡയിൽ തുടരാനാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതുകൂടാതെ പ്രവിശ്യയുടെ ഭാവി പ്രതീക്ഷാനിർഭരമാണെന്ന് 47 ശതമാനം അൽബെർട്ടക്കാരും വിശ്വസിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





