കാൽഗറി; ഒകോടോക്സിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെ വൻ സ്ഫോടനത്തിൽ വീട് തകർന്നു. ഫൂട്ട്ഹിൽസ് കൗണ്ടിയിലെ ഹെറിറ്റേജ് ഹൈറ്റ്സ് സ്കൂളിന് സമീപമുള്ള വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പ്രായമായ ദമ്പതികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 7:10-ഓടെയാണ് പ്രദേശവാസികളെ നടുക്കിയ വലിയ സ്ഫോടനമുണ്ടായത്. ബോംബ് പൊട്ടുന്നതിന് സമാനമായ ശബ്ദവും ശക്തമായ ഭൂചലനവും അനുഭവപ്പെട്ടതായി അയൽവാസികൾ പറയുന്നു. തുടർന്ന് വീട്ടിൽ നിന്നും വലിയ തീ ഉയരുകയും തുടർച്ചയായി ചെറിയ സ്ഫോടനങ്ങൾ നടക്കുകയും ചെയ്തു. വിവരം അറിഞ്ഞ് കാൽഗറി ഫയർ ഫോഴ്സ് എത്തിയെങ്കിലും നഗരപരിധിക്ക് പുറത്തായതിനാൽ ഫൂട്ട്ഹിൽസ് കൗണ്ടി ഫയർ ടീം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
ALSO READ: യു.എസ് ആശ്രയം അവസാനിപ്പിക്കുന്നു; ചരിത്ര ബജറ്റ് പ്രഖ്യാപിച്ച് കാനഡ
മുപ്പതോളം അഗ്നിശമനസേനാംഗങ്ങളും പത്തിലധികം ഫയർ ട്രക്കുകളും എത്തിയാണ് തീയണച്ചത്. തുടർ അപകടങ്ങൾ ഒഴിവാക്കാൻ പ്രദേശത്തെ പാചകവാതക, വൈദ്യുതി ബന്ധങ്ങൾ ഉടൻ വിച്ഛേദിച്ചു. ഗ്രാമീണ മേഖലയായതിനാൽ വെള്ളം എത്തിക്കാൻ 20 മിനിറ്റോളം സമയമെടുത്തത് രക്ഷാപ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു. അപകടത്തിൽ ദുരൂഹതയില്ലെന്നും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഫയർ ചീഫ് അലക്സ് മാർഷൽ പറഞ്ഞു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തൊട്ടടുത്തുള്ള ഹെറിറ്റേജ് ഹൈറ്റ്സ് സ്കൂളിന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബസ്സിൽ സ്കൂളിലെത്തിയ കുട്ടികളെ ഉടൻ തന്നെ ഒകോടോക്സിലെ ‘ഈക്കോൾ പെർസി പെഗ്ലർ’ സ്കൂളിലേക്ക് സുരക്ഷിതമായി മാറ്റി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





