ആൽബർട്ട: കഴിഞ്ഞ മാസം നടന്ന പ്രവിശ്യാതല വോട്ടെടുപ്പിന് 8.4 കോടി കനേഡിയൻ ഡോളർ ചെലവായതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. വോട്ടെടുപ്പിന് പ്രതീക്ഷിച്ചതിലും കൂടുതൽ തുക ചെലവായതിനെ തുടർന്ന്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 5.9 കോടി ഡോളറിന്റെ അധിക ഫണ്ട് ഏജൻസി സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചേർന്ന ജനപ്രതിനിധികളുടെ സമിതി ഈ തുക അനുവദിക്കുകയും ചെയ്തു.
റഫറണ്ടത്തിൽ ഒരോ വോട്ടർക്കും 10 ബാലറ്റുകൾ വീതം ഉണ്ടായിരുന്നു. യന്ത്രങ്ങളുടെ സഹായമില്ലാതെ ഇവ കൈകൊണ്ട് എണ്ണി തിട്ടപ്പെടുത്തിയത് സാമ്പത്തികമായും ജീവനക്കാരുടെ എണ്ണത്തിലും ഏജൻസിക്ക് വലിയ ഭാരമായി. ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയതും, വോട്ടെണ്ണലിന് കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വന്നതുമാണ് ചെലവ് ഉയർത്തിയത്. വോട്ടെടുപ്പിനായി ഇതിനോടകം ചെലവായ 4.9 കോടി ഡോളർ കടം നികത്താനാണ് അനുവദിച്ച തുകയിൽ ഭൂരിഭാഗവും ഉപയോഗിക്കുക.
ബാക്കി വരുന്ന 90 ലക്ഷം ഡോളർ 2027 ഒക്ടോബർ 18-ന് നടക്കാനിരിക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങൾക്കായി നീക്കിവെക്കും. വരും വർഷങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം സംബന്ധിച്ച തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ വൈകിപ്പിക്കാൻ സാധ്യതയുണ്ട്.
ALSO READ: യു.എസ് ആശ്രയം അവസാനിപ്പിക്കുന്നു; ചരിത്ര ബജറ്റ് പ്രഖ്യാപിച്ച് കാനഡ
സാധാരണയായി ഒരു പൊതുതിരഞ്ഞെടുപ്പ് നടത്താൻ കുറഞ്ഞത് ഒരു വർഷത്തെ തയ്യാറെടുപ്പ് സമയമാണ് ഇലക്ഷൻസ് ആൽബർട്ട ആവശ്യപ്പെടാറുള്ളത്. തുടർച്ചയായി വന്ന ഹർജികളും ജനകീയ വോട്ടെടുപ്പുകളും കാരണം നിലവിലെ സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ 5.2 കോടി ഡോളർ പൂർണമായി തീർന്ന സാഹചര്യത്തിലാണ് ഇലക്ഷൻസ് ആൽബെർട്ട അധിക തുക തേടിയത്. അടുത്ത വർഷത്തെ വിശദമായ ബജറ്റ് റിപ്പോർട്ട് ഡിസംബറിൽ ഏജൻസി സമർപ്പിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





