കാൽഗറി : ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ സഭയിൽ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിനെതിരെ കടുത്ത അമർഷവുമായി കാൽഗറി മേയറും പ്രാദേശിക വ്യവസായ സമൂഹവും. 142 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച 532 പേജുള്ള ബജറ്റ് രേഖയിൽ കാൽഗറിക്കായി സിൽവർ സ്പ്രിംഗ്സ് കമ്മ്യൂണിറ്റി സെന്റർ വികസനം മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. നഗരത്തിന്റെ വികസന ആവശ്യങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ബജറ്റ് പ്രഖ്യാപനം തികച്ചും നിരാശാജനകവും ഹാസ്യകരവുമാണെന്ന് കാൽഗറി മേയർ ജെറോമി ഫാർകസ് പ്രതികരിച്ചു.
അടുത്ത 10 വർഷത്തിനുള്ളിൽ കാൽഗറി നഗരത്തിൽ 50 ശതകോടി ഡോളറോളം അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യമുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നികുതി ഇളവുകളോ പൊതുസുരക്ഷ, ഗതാഗത സൗകര്യങ്ങൾ എന്നിവയ്ക്കുള്ള സഹായങ്ങളോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. രാജ്യത്തുടനീളമുള്ള പ്രാദേശിക വികസനങ്ങൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും കാൽഗറിക്കോ ആൽബർട്ട പ്രവിശ്യാക്കോ കൃത്യമായ വിഹിതം ലഭിച്ചില്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. ആഗസ്റ്റിൽ ആരംഭിച്ച ക്വാണ്ടം ഡിഫൻസ് ഇന്നൊവേഷൻ സെക്യൂർ ഹബ്ബിനെക്കുറിച്ചുള്ള പരാമർശമല്ലാതെ മറ്റൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രൊഡക്ടിവിറ്റി ഇളവുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ബിസിനസ് ഡെവലപ്മെന്റ് ബാങ്കും എക്സ്പോർട്ട് ഡെവലപ്മെന്റ് ബാങ്കും സംയോജിപ്പിക്കാനുള്ള തീരുമാനം, ക്ലീൻ ഇലക്ട്രിസിറ്റി ക്രെഡിറ്റുകൾ 2040 വരെ നീട്ടിയത് എന്നിവ സ്വാഗതർഹമാണെന്ന് കാൽഗറി ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡെബോറ യെഡ്ലിൻ പറഞ്ഞു. എങ്കിലും തൊഴിൽ ശേഷി വികസനത്തിനും വിദേശ ബിരുദങ്ങൾ അംഗീകരിക്കുന്നതിനും കൂടുതൽ ഫണ്ട് അനുവദിക്കാത്തതിലും, ചെറുകിട ബിസിനസ്സ് വിൽപ്പനയിലെ ക്യാപിറ്റൽ ഗെയിൻസ് നികുതി ഇളവ് പരിധി വർദ്ധിപ്പിക്കാത്തതിലും ചേംബർ നിരാശ പ്രകടിപ്പിച്ചു. കാൽഗറിക്ക് പുറമെ ആൽബർട്ടയിലെ മറ്റ് മേഖലകൾക്ക് ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ട്.
ALSO READ: ഹോളിവുഡ് താരത്തിന് കുരുക്ക്; ലൈംഗികാതിക്രമ കേസിൽ റസ്സൽ ബ്രാൻഡ് കുറ്റക്കാരൻ
എഡ്മിന്റണിനിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങൾക്കും വിമാന നിർമ്മാണ കമ്പനിയായ ഡി ഹാവിലാൻഡിന് 2.5 ശതകോടി ഡോളർ വരെയുള്ള സഹായത്തിനും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ മാസം സി.എഫ്.ബി വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച നാല് സൈനികരുടെ കുടുംബങ്ങൾക്കും ബാധിക്കപ്പെട്ടവർക്കും പിന്തുണ നൽകാനായി നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന് 25 മില്യൺ ഡോളറും ആൽബർട്ടയിലെ വിവിധ പ്രതിരോധ കേന്ദ്രങ്ങളുടെ നവീകരണത്തിന് പ്രത്യേക ഫണ്ടും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





