ഓട്ടവ: ക്യുബെക്ക് മാതൃകയിൽ ആൽബർട്ടയ്ക്കും കുടിയേറ്റ കാര്യങ്ങളിൽ കൂടുതൽ അധികാരം നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുമായി പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ കുടിയേറ്റ നിരക്കുകൾ കൃത്യമായ തോതിൽ നിലനിർത്തുന്നതിനായി വിവിധ പ്രവിശ്യാ പ്രീമിയർമാരുമായി ഫെഡറൽ സർക്കാർ ചർച്ചകൾ നടത്തുകയാണെന്ന് അദ്ദേഹം പാർലമെന്റ് ഹില്ലിൽ വ്യക്തമാക്കി. ആൽബർട്ടയുമായി പ്രത്യേക കരാറിലെത്തുമോ എന്ന ചോദ്യത്തിന് “കാണാം” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കുടിയേറ്റ നയങ്ങളിൽ പ്രവിശ്യയ്ക്ക് കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യത്തിൽ ആൽബർട്ടയിൽ അടുത്തിടെ പൊതു വോട്ടെടുപ്പ് നടന്നിരുന്നു. ലഭ്യമായ പ്രാഥമിക ഫലങ്ങൾ പ്രകാരം 53 ശതമാനം വോട്ടർമാർ ഈ ആവശ്യത്തെ പിന്തുണച്ചു. പ്രവിശ്യയിലെ പുതിയ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം. വോട്ടെടുപ്പിന്റെ ഔദ്യോഗികവും പൂർണ്ണവുമായ ഫലങ്ങൾ അടുത്ത ആഴ്ച പുറത്തുവരും.
1991-ലെ പ്രത്യേക കരാർ വഴി, രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികളുടെയും സാമ്പത്തിക കുടിയേറ്റക്കാരുടെയും എണ്ണം സ്വന്തമായി തീരുമാനിക്കാൻ ക്യുബെക്കിന് അധികാരമുണ്ട്. ഇതേ മാതൃക പിന്തുടർന്ന് ഫെഡറൽ സർക്കാരിന് സമർപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുകയാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. എന്നാൽ ക്യുബെക്കിന്റെ ഭാഷയും സംസ്കാരവും വേറിട്ടുനിൽക്കുന്നതാണെന്നും, മറ്റു പ്രവിശ്യകളുമായി പൊതുവായ ചർച്ചകളാണ് തുടരുന്നതെന്നുമാണ് പ്രധാനമന്ത്രി കാർണിയുടെ നിലപാട്.
ഫെഡറൽ സർക്കാരിന് കുടിയേറ്റ കാര്യങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ ആരോപിച്ചു. രാജ്യത്ത് എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രവിശ്യകൾ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ നിരക്ക് വീണ്ടും വർദ്ധിപ്പിക്കരുത് എന്നും അത് വൻതോതിൽ വെട്ടിക്കുറയ്ക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം അഞ്ച് ലക്ഷമായി ഉയർത്താനായിരുന്നു ഫെഡറൽ സർക്കാർ മുൻപ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതിയിൽ നിന്നും ഓട്ടവ പിന്മാറി. പുതിയ തീരുമാനപ്രകാരം ഈ വർഷം കുടിയേറ്റക്കാരുടെ ലക്ഷ്യം 3.85 ലക്ഷമായും അടുത്ത വർഷം 3.70 ലക്ഷമായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
Also Read: കാനഡയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ 63% കുറവ്; പുതിയ കണക്കുകളുമായി ഐആർസിസി
ദേശീയ ഇമിഗ്രേഷൻ നയത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത മാസത്തോടെ ഫെഡറൽ സർക്കാർ പുറത്തുവിടും. നിലവിലെ കുടിയേറ്റ നിരക്ക് സുസ്ഥിരമായ നിലയിലേക്ക് കൊണ്ടുവരികയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. വിഷയത്തിൽ ഇമിഗ്രേഷൻ മന്ത്രി ലെന ഡയബ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





