കാൽഗറി : ആൽബർട്ട പ്രവിശ്യയിൽ കോവിഡ്-19 വാക്സിനുകൾക്ക് ക്ഷാമമില്ലെന്ന് പ്രൈമറി ആൻഡ് പ്രിവന്റീവ് ഹെൽത്ത് സർവീസസ് മന്ത്രി ജസ്റ്റിൻ റൈറ്റ് അറിയിച്ചു. നിലവിൽ 1,57,000 ഡോസ് വാക്സിനേഷൻ പൂർത്തിയായിട്ടുണ്ടെന്നും 98 ശതമാനത്തിലധികം ഫാർമസികളിലും സമയബന്ധിതമായി വാക്സിൻ ഡോസുകൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫാർമസികൾക്ക് ഒരേസമയം ഒരു ആഴ്ചയിലേക്കുള്ള സ്റ്റോക്ക് മാത്രമാണ് ഓർഡർ ചെയ്യാൻ അനുമതിയുള്ളതെന്നും, ഇതിൽ കൂടുതൽ ഓർഡർ ചെയ്യുന്ന സാഹചര്യത്തിലാണ് ചിലയിടങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുന്നതെന്നും വിതരണത്തിനായി 3,00,000 ഡോസുകൾക്കൂടി തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, പ്രവിശ്യയിലുടനീളം വാക്സിൻ ലഭ്യതയിൽ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ആൽബർട്ട ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഫയാസ് റജബാലി പ്രതികരിച്ചു. ആവശ്യമായ വാക്സിൻ സ്റ്റോക്ക് ലഭിക്കാത്തതിനാൽ ഫാർമസികളിൽ എത്തുന്ന രോഗികളെ മടക്കി അയക്കേണ്ടി വരുന്നുണ്ടെന്നും, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ മുതിർന്ന പൗരന്മാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും, വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് ഫാർമസികളിലെ സ്റ്റോക്ക് ഉറപ്പുവരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ALSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
കഴിഞ്ഞ വർഷം സർക്കാരേർപ്പെടുത്തിയ 100 ഡോളർ ഫീസിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പവും വാക്സിനെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. അതേസമയം മുതിർന്ന പൗരന്മാർ, പ്രമേഹ രോഗികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കും. വാക്സിൻ ക്ഷാമം നേരിടുന്ന ഫാർമസികളെക്കുറിച്ച് രോഗികൾക്കും ഫാർമസിസ്റ്റുകൾക്കും നേരിട്ട് ഓഫീസ് വഴി വിവരമറിയിക്കാമെന്നും വിഷയത്തിൽ ഫാർമസിസ്റ്റ് അസോസിയേഷനുമായി ചേർന്ന് ഉടൻ പരിഹാരം കണ്ടെത്തുമെന്നും പ്രവിശ്യാ ഭരണകൂടം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





