ഓട്ടവ: വിമാനങ്ങളുടെ സർവീസ് റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം തട്ടിയെടുക്കാൻ എയർ കാനഡ വൻ തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ട്. സാങ്കേതിക തകരാറുകൾ കാരണം വിമാനം റദ്ദാക്കി എന്ന് കളവ് പറഞ്ഞ് നഷ്ടപരിഹാരം നിഷേധിക്കുന്ന കമ്പനിയുടെ തന്ത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാനഡയിലെ ‘എയർ പാസഞ്ചർ പ്രൊട്ടക്ഷൻ’ നിയമപ്രകാരം, സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് 1,000 ഡോളർ (ഏകദേശം 80,000-ത്തോളം രൂപ) വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാലോ സാങ്കേതിക തകരാറുകൾ മൂലമോ ആണ് വിമാനം റദ്ദാക്കുന്നതെങ്കിൽ കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ല. ഈ നിയമത്തിലെ ‘ലൂപ്പ്ഹോൾ’ ദുരുപയോഗം ചെയ്താണ് എയർ കാനഡ യാത്രക്കാരെ വഞ്ചിക്കുന്നത്.
ഹുവാൻ റോജാസ് എന്ന യാത്രക്കാരന്റെ അനുഭവമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. 2022 സെപ്റ്റംബറിൽ മോൺട്രിയോളിൽ നിന്ന് ബൊഗോട്ടയിലേക്കുള്ള റോജാസിന്റെ വിമാനം എയർ കാനഡ റദ്ദാക്കി. സുരക്ഷാ തകരാറാണെന്ന് കാട്ടി കമ്പനി നഷ്ടപരിഹാരം നിഷേധിച്ചു. എന്നാൽ റോജാസ് കാനഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ (CTA) പരാതി നൽകി.
അന്വേഷണത്തിനിടെ, മറ്റൊരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ച അപകട റിപ്പോർട്ടാണ് കമ്പനി റെഗുലേറ്റർക്ക് മുന്നിൽ നൽകിയതെന്ന് റോജാസ് കണ്ടെത്തി. കേടായ വിമാനത്തിന് പകരം റോജാസ് യാത്ര ചെയ്യേണ്ടിയിരുന്ന നല്ല വിമാനം എയർ കാനഡ മറ്റ് റൂട്ടിലേക്ക് മാറ്റി ഉപയോഗിക്കുകയായിരുന്നു. അതായത്, ബിസിനസ്സ് ലാഭത്തിനായി ഒരു റൂട്ടിലെ വിമാനം റദ്ദാക്കി മറ്റ് റൂട്ടിലേക്ക് മാറ്റിയ ശേഷം സാങ്കേതിക തകരാർ എന്ന വ്യാജ കാരണം പറയുകയായിരുന്നു കമ്പനി. തുടർന്ന്, എയർ കാനഡയുടേത് ‘വാണിജ്യപരമായ തീരുമാനമായിരുന്നുവെന്നും’ റോജാസിന് 1,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും സി.ടി.എ ഉത്തരവിട്ടു.
റോജാസിന്റെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൈക്കൽ ബോസിയുർകിവ് എന്ന യാത്രക്കാരൻ ബാങ്കോക്കിൽ നിന്ന് വൻകൂവറിലേക്ക് യാത്ര ചെയ്യവേ, തന്റെ കണക്റ്റിംഗ് ഫ്ലൈറ്റ് സാങ്കേതിക തകരാറുമൂലം റദ്ദാക്കിയതായി സന്ദേശം ലഭിച്ചു. എന്നാൽ തകരാറുള്ളതായി പറഞ്ഞ് റദ്ദാക്കിയ അതേ വിമാനത്തിൽ തന്നെയാണ് താൻ അപ്പോൾ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സമാനമായ രീതിയിൽ കാർലോസ് ഫെർണാണ്ടസ്, ആലിസൺ മോനാഗൻ എന്നീ യാത്രക്കാരുടെ വിമാനങ്ങളും സാങ്കേതിക തകരാറിന്റെ പേര് പറഞ്ഞ് എയർ കാനഡ റദ്ദാക്കിയിരുന്നു. എന്നാൽ ഈ വിമാനങ്ങളെല്ലാം മറ്റ് റൂട്ടുകളിൽ തടസ്സമില്ലാതെ സർവീസ് നടത്തിയതായി പിന്നീട് രേഖകളിൽ നിന്ന് വ്യക്തമായി.
എയർ കാനഡയുടെ നടപടി കേവലം നിയമലംഘനം മാത്രമല്ല, ഉദ്യോഗസ്ഥരെയും യാത്രക്കാരെയും വഞ്ചിക്കുന്ന ‘വ്യാജപ്രവൃത്തി’ ആണെന്ന് ‘എയർ പാസഞ്ചർ റൈറ്റ്സ്’ സ്ഥാപകൻ ഗാബോർ ലൂക്കാച്ച് ആരോപിച്ചു. വൻതുക പിഴ ചുമത്താത്തതിനാൽ വിമാനക്കമ്പനികൾ നിയമം പാലിക്കുന്നതിനേക്കാൾ ലാഭം തട്ടിപ്പ് നടത്തുന്നതാണെന്ന് കരുതുന്നു.
യൂറോപ്യൻ യൂണിയനിലെ പോലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഒഴിവാകാനുള്ള വ്യവസ്ഥകൾ കാനഡയിലും കർശനമാക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അഭിഭാഷകയായ സിൽവി ഡി ബെല്ലെഫ്യൂയിൽ ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





