ഓട്ടവ: കാനഡയുടെ പുതിയ പൗരത്വ നിയമമായ ബിൽ സി-3 പ്രാബല്യത്തിൽ വന്നതോടെ വിദേശത്ത് ജനിച്ച നിരവധി പേർക്ക് കുടുംബപാരമ്പര്യത്തിലൂടെ കനേഡിയൻ പൗരത്വം ലഭിക്കാൻ വഴിയൊരുങ്ങിയിട്ടുണ്ട്. കുടുംബത്തിലെ ഒരു ബന്ധുവിന് പൗരത്വം ലഭിച്ചാൽ മറ്റ് അംഗങ്ങൾക്കും അതിന് അർഹതയുണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
2025 ഡിസംബർ 15-നാണ് ബിൽ സി-3 പ്രാബല്യത്തിൽ വന്നത്. വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം ലഭിക്കുന്നത് തടഞ്ഞിരുന്ന First-generation limit ഒഴിവാക്കുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. ഇതോടെ പഴയ നിയമപ്രകാരം പൗരത്വത്തിന് അർഹതയില്ലാതിരുന്ന നിരവധി പേർക്ക് പുതിയ നിയമത്തിലൂടെ പൗരത്വം ലഭിക്കാനുള്ള സാഹചര്യമുണ്ടായി.
എന്നാൽ ഒരു ബന്ധുവിന് കുടുംബപാരമ്പര്യത്തിലൂടെ കനേഡിയൻ പൗരത്വം ലഭിച്ചു എന്നതുകൊണ്ട് മാത്രം മറ്റ് ബന്ധുക്കൾക്കും പൗരത്വം ലഭിക്കില്ല. ഓരോ വ്യക്തിയുടെയും കുടുംബപശ്ചാത്തലവും പൂർവ്വികരുമായുള്ള ബന്ധവും പരിശോധിച്ചാണ് കനേഡിയൻ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗം അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്.
അതേസമയം, ഒരു കസിന് കനേഡിയൻ പൗരത്വം ലഭിച്ചിട്ടുണ്ടെങ്കിൽ മറ്റ് കുടുംബാംഗങ്ങൾക്കും സ്വന്തം പൗരത്വ യോഗ്യത പരിശോധിക്കാം. കാരണം, ആദ്യ കസിൻമാർക്ക് പൊതുവായി ഒരേ ഗ്രാന്റ് പേരന്റ്സാണ് ഉണ്ടാകുക. കസിന് പൗരത്വം ലഭിക്കാൻ കാരണമായത് ഈ ഗ്രാന്റ് പേരന്റ്സിൽ ഒരാളാണെങ്കിൽ, അതേ കുടുംബബന്ധമുള്ള മറ്റ് കസിൻമാർക്കും പൗരത്വത്തിന് അർഹതയുണ്ടാകാം. എന്നാൽ ഇതിനായി കനേഡിയൻ പൂർവ്വികനുമായുള്ള സ്വന്തം കുടുംബബന്ധം തെളിയിക്കണം.
എന്നാൽ പൗരത്വം കൈമാറുന്നത് കുടുംബത്തിലെ എല്ലാ ബന്ധങ്ങളിലൂടെയുമല്ല. മാതാപിതാക്കളിൽ നിന്ന് മക്കളിലേക്കുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് പൗരത്വം കൈമാറുന്നത്. അതായത് മാതാപിതാക്കൾ, ഗ്രാന്റ് പേരന്റ്സ് തുടങ്ങിയ നേരിട്ടുള്ള പൂർവ്വികരുടെ രേഖകളാണ് പ്രധാനമായി പരിഗണിക്കുന്നത്. അമ്മാവൻ, അമ്മായി, കസിൻ തുടങ്ങിയവരുടെ പൗരത്വം മാത്രം അടിസ്ഥാനമാക്കി മറ്റൊരാൾക്ക് പൗരത്വം അവകാശപ്പെടാനാകില്ല.
പൗരത്വത്തിന് അപേക്ഷിക്കുന്നവർ കനേഡിയൻ പൂർവ്വികനുമായുള്ള കുടുംബബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പൂർവ്വികന്റെ ജനന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ ജനന-വിവാഹ സർട്ടിഫിക്കറ്റുകൾ, പേരിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന രേഖകൾ എന്നിവ ആവശ്യമായി വരും. കസിൻ നേരത്തെ ശേഖരിച്ചിട്ടുള്ള രേഖകളും സ്വന്തം അപേക്ഷ തയ്യാറാക്കാൻ സഹായിക്കും.
അതേസമയം, 2025 ഡിസംബർ 15-നോ അതിനുശേഷമോ വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കാൻ പ്രത്യേക നിബന്ധനയുണ്ട്. മാതാപിതാക്കളിൽ ഒരാൾ കനേഡിയൻ പൗരനാണെങ്കിലും, ആ വ്യക്തി കുട്ടി ജനിക്കുന്നതിന് മുമ്പ് ആകെ 1,095 ദിവസം കാനഡയിൽ താമസിച്ചിരിക്കണം. ഈ നിബന്ധന പാലിച്ചാൽ മാത്രമേ വിദേശത്ത് ജനിക്കുന്ന രണ്ടാം തലമുറയിലെയും തുടർന്നുള്ള തലമുറകളിലെയും കുട്ടികൾക്ക് പൗരത്വം ലഭിക്കൂ.
Also Read: ഇമിഗ്രേഷൻ അപേക്ഷകളിൽ കാലതാമസം; നാല് കേസുകളിൽ IRCCയ്ക്ക് സമയപരിധി നിശ്ചയിച്ച് ഫെഡറൽ കോടതി
കുടുംബത്തിലെ ഒരാൾക്ക് പൗരത്വം ലഭിച്ചത് മറ്റുള്ളവർക്കും സ്വന്തം യോഗ്യത പരിശോധിക്കാനുള്ള അവസരമാണ്. എന്നാൽ ഓരോ അപേക്ഷകനും കനേഡിയൻ പൂർവ്വികനുമായുള്ള നേരിട്ടുള്ള ബന്ധം ആവശ്യമായ രേഖകളിലൂടെ തെളിയിക്കേണ്ടതുണ്ട്. ബന്ധുവിന് പൗരത്വം ലഭിച്ചിട്ടുണ്ടെന്നത് മാത്രം മറ്റുള്ളവർക്കും പൗരത്വം ലഭിക്കാൻ മതിയായ കാരണമല്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





