ഓട്ടവ: വിവിധ വിസ, പെർമിറ്റ് അപേക്ഷകളുടെ പുതുക്കിയ പ്രോസസ്സിംഗ് സമയക്രമം ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ടു. നവംബർ 12 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള പുതിയ പട്ടിക നവംബർ 13-നാണ് പ്രസിദ്ധീകരിച്ചത്. വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, വിസിറ്റർ വിസ, സൂപ്പർ വിസ എന്നിവയുടെ സമയക്രമത്തിലാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്.
പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് സമ്മിശ്ര മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ പ്രോസസ്സിംഗ് സമയം 32 ദിവസത്തിൽ നിന്ന് 34 ദിവസമായി വർധിച്ചു. സൂപ്പർ വിസയുടെ കാത്തിരിപ്പ് സമയം 85 ദിവസത്തിൽ നിന്ന് 87 ദിവസമായും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കാർക്കുള്ള വർക്ക് പെർമിറ്റ് (10 ആഴ്ച), സ്റ്റഡി പെർമിറ്റ് (8 ആഴ്ച) എന്നിവയുടെ സമയക്രമത്തിൽ മാറ്റമില്ലാതെ തുടരുന്നു.
READ MORE: കാനഡയിലെ ഏറ്റവും മികച്ച 10 നഗരങ്ങൾ ഇവയാണ്!
കാനഡയ്ക്ക് അകത്തുനിന്ന് അപേക്ഷിക്കുന്നവരുടെ സ്റ്റഡി പെർമിറ്റ് പ്രോസസ്സിംഗ് സമയം എട്ട് ആഴ്ചയിൽ നിന്ന് ആറ് ആഴ്ചയായി കുറഞ്ഞു. കാനഡയിൽ നിന്നുള്ള വർക്ക് പെർമിറ്റിന് 16 ആഴ്ചയും വിസിറ്റർ വിസയ്ക്ക് 12 ദിവസവുമാണ് നിലവിലെ സമയം. കാനഡയ്ക്ക് അകത്തുനിന്നുള്ള വിസിറ്റർ വിസ എക്സ്റ്റൻഷൻ സമയം 310 ദിവസത്തിൽ നിന്ന് 304 ദിവസമായി കുറഞ്ഞിട്ടുണ്ട്.
മറ്റ് രാജ്യങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വർക്ക് പെർമിറ്റ് സമയം ഒരാഴ്ച വർധിച്ച് 10 ആഴ്ചയായി. അതേസമയം, പാകിസ്ഥാനിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് സമയം നാല് ആഴ്ചയായും സൂപ്പർ വിസ സമയം 91 ദിവസമായും കുറഞ്ഞു. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 20 ലക്ഷത്തിലധികം താൽക്കാലിക താമസ അപേക്ഷകളാണ് ഐആർസിസി തീർപ്പാക്കിയത്. അടുത്ത പുതുക്കിയ സമയക്രമം നവംബർ 18-ഓടെ പുറത്തുവരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





