കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ വസ്തു പണയപ്പെടുത്തി പണം തട്ടി. സംഭവത്തിൽ വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കമ്മീഷൻ നടപടി. പരാതിക്കാരിക്ക് 19.49 ലക്ഷം രൂപ തിരികെ നൽകാൻ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്സും ഐഇഎൽടിഎസ് (IELTS) പരീക്ഷയും പാസായ യുവതി 2022-ൽ ഫേസ്ബുക്ക് പരസ്യം കണ്ടാണ് സ്ഥാപനത്തെ സമീപിച്ചത്. യുകെയിലേക്ക് ജോലി വിസ ശരിയാക്കാൻ 13.50 ലക്ഷം രൂപയാണ് സ്ഥാപനം ആവശ്യപ്പെട്ടത്. പണമില്ലെന്ന് അറിയിച്ചതോടെ, സ്ഥാപനത്തിലെ ഒരാളുടെ പേരിലുള്ള കെഎസ്എഫ്ഇ (KSFE) ചിട്ടിയിൽ യുവതിയുടെ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാൻ നിർദ്ദേശിച്ചു. വിദേശത്ത് ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതിയെന്നായിരുന്നു വാഗ്ദാനം.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
ഇത് വിശ്വസിച്ച് രേഖകൾ നൽകിയ യുവതിയുടെ വസ്തുവിൽ നിന്ന് 20 ലക്ഷം രൂപയുടെ വായ്പയാണ് സ്ഥാപനം എടുത്തത്. ഇതിൽ 1.10 ലക്ഷം രൂപ മാത്രമാണ് യുവതിക്ക് ലഭിച്ചത്. ബാക്കി 18.89 ലക്ഷം രൂപ സ്ഥാപനവും കൂട്ടാളികളും കൈവശപ്പെടുത്തി. വിസ നൽകാതിരിക്കുകയും ഫോൺ കോളുകൾ എടുക്കാതിരിക്കുകയും ചെയ്തതോടെ യുവതി പോലീസിലും തുടർന്ന് ഉപഭോക്തൃ കമ്മീഷനിലും പരാതി നൽകുകയായിരുന്നു.
സ്ഥാപനം വായ്പ തിരിച്ചടവ് മുടക്കിയതോടെ കെഎസ്എഫ്ഇ യുവതിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മീഷനിൽ ഹാജരാകാൻ സ്ഥാപന പ്രതിനിധികൾ തയ്യാറായില്ല. സേവനത്തിലെ വീഴ്ചയും വഞ്ചനയും വ്യക്തമായതോടെ, കൈവശപ്പെടുത്തിയ 18.89 ലക്ഷം രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകാൻ ഒക്ടോബർ 15-ലെ ഉത്തരവിൽ കമ്മീഷൻ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





