തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ അനിയന്ത്രിതമായ വിൽപ്പനയും വിതരണവും തടയുന്നതിനായി ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നു. നിലവിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ പുതിയ തീരുമാനപ്രകാരം, കേരളത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കും.
ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന ഇടപെടൽ. ഓൺലൈൻ വഴിയുള്ള വിൽപ്പന നിയന്ത്രിക്കുന്നതിനായി പ്രത്യേക മാർഗരേഖയും തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമെ, മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് വിപുലമായ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കും. പാർശ്വഫലങ്ങൾ വിലയിരുത്തുന്നതിനായി വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും.
Also Read: വിമാനത്താവളങ്ങളിൽ ബാഗ് ടാഗ് തട്ടിപ്പ്; കാനഡക്കാർ വിദേശത്ത് കുടുങ്ങുന്നതായി പരാതി
ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ക്യാൻസർ എന്നിവയ്ക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





