കോഴിക്കോട്: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച ഏഥൻ, ഒലിവർ, ഡേവിഡ് എന്നീ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കേരളം കൈകോർത്തപ്പോൾ ചികിത്സാ സഹായ നിധി 30 കോടി രൂപ പിന്നിട്ടു. ചികിത്സയ്ക്ക് മുന്നോടിയായുള്ള രക്തപരിശോധനകൾക്കായി മൂവരെയും ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ആകെ വേണ്ടിവരുന്ന 50 കോടി രൂപയും അധികം വൈകാതെ സമാഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷയോടെയാണ് കുടുംബവും നാട്ടുകാരും കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.
കല്ലുരുട്ടി പുത്തിരിച്ചാലിൽ അരുണിന്റെയും ഷാമിലിന്റെയും മക്കളായ മൂന്ന് സഹോദരങ്ങളാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. നാട്ടുകാർ ചേർന്ന് രൂപീകരിച്ച ചികിത്സാ സഹായ നിധിയിലേക്കുള്ള തുക ഇന്നലെയാണ് 30 കോടി രൂപ കടന്നത്. ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും 20 കോടിയോളം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.
ബിരിയാണി, പായസം, ഐസ്ക്രീം തുടങ്ങിയ വിവിധ ഭക്ഷണ ചാലഞ്ചുകൾ സംഘടിപ്പിച്ചും, ഗാനമേളകൾ, സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ ക്യാമ്പെയ്നുകൾ എന്നിവ നടത്തിയുമാണ് നാട്ടുകാർ പണം സ്വരൂപിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരും ഈ കാരുണ്യ ദൗത്യത്തിൽ പങ്കാളികളായി.
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറും കല്ലുരുട്ടി പള്ളി വികാരി ഫാ. സിബിൻ കിളിയൻപറമ്പിൽ വൈസ് ചെയർമാനുമായുള്ള ചികിത്സാ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ALSO READ: അടുത്ത മാസവും പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് കാനഡ; വായ്പക്കാർക്ക് തിരിച്ചടി
ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖയിലെ അക്കൗണ്ടിലേക്ക് തുക അയക്കാവുന്നതാണ്.അക്കൗണ്ട് വിവരങ്ങൾ: ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ, അക്കൗണ്ട് നമ്പർ: 21360100162505, IFSC Code: FDRL0002136.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





