ഓട്ടവ: കാനഡയിലെ ഗ്രാമീണ പ്രദേശങ്ങളിലും വിദൂര മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ തൊഴിൽക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിലവിലുള്ള റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പദ്ധതിയെ രാജ്യത്തെ സ്ഥിരമായ ഔദ്യോഗിക കുടിയേറ്റ പ്രോഗ്രാമാക്കി മാറ്റിക്കൊണ്ട് സർക്കാർ നിർണായക പ്രഖ്യാപനം നടത്തി. നോവ സ്കോഷ്യയിലെ സ്റ്റെല്ലാർട്ടണിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ദിയാബ് ആണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രാമീണ വികസന സഹമന്ത്രി ബക്ലി ബെലാഞ്ചർ, ജസ്റ്റിസ് മന്ത്രിയും അറ്റോർണി ജനറലുമായ ഷോൺ ഫ്രേസർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇമിഗ്രേഷൻ മന്ത്രി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും പ്രദേശിക വികസനത്തിനും ഊന്നൽ നൽകുന്ന ഈ പ്രഖ്യാപനം നടത്തിയത്.
ഫെഡറൽ ബജറ്റ് 2026-ൽ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, രാജ്യത്തെ ചെറുപട്ടണങ്ങളിലേക്കും തൊഴിൽ ശക്തി കുറവുള്ള പ്രദേശങ്ങളിലേക്കും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനും അവരെ അവിടെത്തന്നെ നിലനിർത്താനുമാണ് ഈ സ്ഥിരം പദ്ധതി ലക്ഷ്യമിടുന്നത്. തൊഴിലുടമകളുടെയും പ്രാദേശിക സാമൂഹിക കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെ മുൻപോട്ടു കൊണ്ടുപോകുന്ന ഈ പദ്ധതി, നിലവിൽ പങ്കാളികളായ 14 ഗ്രാമീണ കമ്മ്യൂണിറ്റികളിൽ തുടർന്നും നടപ്പിലാക്കുമെന്നും ഭാവിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വികസിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ സ്ഥിരം റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പ്രോഗ്രാം (RCIP) പ്രകാരം കമ്മ്യൂണിറ്റികൾക്ക് 2027 ജനുവരി 1 മുതൽ പുതിയ അപേക്ഷകർക്കുള്ള ലെറ്ററുകൾ നൽകിത്തുടങ്ങാം. നിലവിലെ പൈലറ്റ് പദ്ധതി പ്രകാരമുള്ള ലെറ്ററുകൾ 2026 ഡിസംബർ 31 വരെ കമ്മ്യൂണിറ്റികൾക്ക് വിതരണം ചെയ്യാം. ഇത്തരത്തിൽ 2026 ഡിസംബർ 31-നോ അതിനുമുമ്പോ ലഭിക്കുന്ന സാധുവായ പൈലറ്റ് റെക്കമൻഡേഷനുകൾ ഉള്ളവർക്ക് 2027 ജൂൺ 30 വരെ സ്ഥിരതാമസത്തിനായുള്ള അപേക്ഷ സമർപ്പിക്കാൻ സാവകാശമുണ്ടായിരിക്കും.
കാനഡ അടുത്തിടെ പുറത്തുവിട്ട 2027-2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാനിൽ പ്രാദേശിക കുടിയേറ്റ മാർഗ്ഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പ്രഖ്യാപിച്ച വാർഷിക ലക്ഷ്യമനുസരിച്ച് സ്ഥിര താമസ അഡ്മിഷൻ പരിധി 3,80,000 ആയി നിശ്ചയിച്ചിട്ടുള്ളതിൽ, റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ 2027-ൽ 5,500 പേർക്കും, 2028-ൽ 6,000 പേർക്കും, 2029-ൽ 6,500 പേർക്കും പ്രവേശനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ പ്രതിവർഷം 6,000 പേർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി പ്രതിവർഷം 95,000 പേർക്കും അഡ്മിഷൻ ലഭിക്കും.
ALSO READ: 2 ലക്ഷം താത്കാലിക താമസക്കാർക്ക് കനേഡിയൻ PR: ആർക്കൊക്കെയാണ് യോഗ്യത?
ഇതിനോടൊപ്പം തന്നെ കാനഡയിൽ നിലവിൽ തൽക്കാലിക വർക്ക് പെർമിറ്റിൽ കഴിയുന്ന ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് പ്രൊവിൻഷ്യൽ നോമിനേഷനുകളിലൂടെയും ഫെഡറൽ ചാനലുകളിലൂടെയും സ്ഥിരതാമസത്തിലേക്ക് മാറാനുള്ള താൽക്കാലിക തന്ത്രപ്രധാന വഴികളും സർക്കാർ ഒരുക്കുന്നുണ്ട്. പുതിയ ഗ്രാമീണ കുടിയേറ്റ പ്രോഗ്രാമിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകർക്ക് അംഗീകൃത ഗ്രാമീണ തൊഴിലുടമയിൽ നിന്നുള്ള സാധുവായ ജോബ് ഓഫർ, ആവശ്യമായ പ്രവൃത്തിപരിചയം, ഭാഷാ നൈപുണ്യം, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിലവിലുള്ള അപേക്ഷ നടപടികൾ തടസ്സമില്ലാതെ തുടരുമെന്നും, അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രോസസിംഗ് സമയത്ത് ജോലി ചെയ്യുന്നതിനായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാമെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





