ഓട്ടവ: കാനഡയിൽ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ പൂർവ്വികരുടെ ഒന്റാരിയോയിലെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്നത് പലരെയും നിരാശരാക്കുന്ന കാര്യമാണ്. 1869 ജൂലൈ 1 മുതൽ ഒന്റാരിയോയിൽ ജനന രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും 1875-1895 കാലഘട്ടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം കുട്ടികളുടെ ജനനം മാത്രമേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. എന്നാൽ, ഒരു ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മാത്രം നിങ്ങളുടെ കനേഡിയൻ പൗരത്വത്തിനായുള്ള അർഹത നഷ്ടപ്പെടുന്നില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അപേക്ഷകളിലെ തെളിവുകളെ രണ്ട് പ്രധാന തട്ടുകളായിട്ടാണ് തരംതിരിക്കുന്നത്. പ്രൊവിൻഷ്യൽ ബർത്ത് സർട്ടിഫിക്കറ്റുകൾ, കനേഡിയൻ സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റുകൾ, പ്രീ-1947 ബ്രിട്ടീഷ് സബ്ജക്ട് തെളിവുകൾ എന്നിവ ഏറ്റവും കൂടുതൽ മുൻഗണന ലഭിക്കുന്ന പ്രൈമറി രേഖകളാണ്. ജനന സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാമോദീസ (Baptism) സർട്ടിഫിക്കറ്റുകൾ, ആശുപത്രി രേഖകൾ, സെൻസസ് വിവരങ്ങൾ, വിവാഹ-മരണ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട്, മിലിട്ടറി സർട്ടിഫിക്കറ്റുകൾ (WW1 ഫയലുകൾ), ബോട്ട് മാനിഫെസ്റ്റുകൾ എന്നിവ അടങ്ങുന്ന സെക്കൻഡറി രേഖകൾ ഉപയോഗിക്കാവുന്നതാണ്.
ഒന്റാരിയോ രജിസ്ട്രേഷനുകൾ പലപ്പോഴും വൈകിയാണ് നടന്നത് എന്നതിനാൽ ജനിച്ച വർഷത്തിന് ശേഷമുള്ള വർഷങ്ങളിലെ ഇൻഡക്സ് നമ്പറുകളും പരിശോധിക്കേണ്ടതുണ്ട്. ആർക്കൈവ്സ് ഓഫ് ഒന്റാരിയോ, ആന്സസ്ട്രി, ഫാമിലി സെർച്ച് തുടങ്ങിയവ വഴി ഇത്തരം പഴയ രേഖകൾ കണ്ടെത്താം. കൂടാതെ യുണൈറ്റഡ് ചർച്ച്, കത്തോലിക്കാ, ആംഗ്ലിക്കൻ തുടങ്ങിയ സഭകളിൽ നിന്നുള്ള മാമോദീസ രേഖകളും 1901, 1911 കാലഘട്ടങ്ങളിലെ കനേഡിയൻ സെൻസസ് രേഖകളും വംശാവലി തെളിയിക്കാൻ സഹായകമാണ്.
ALSO READ: കുടിയേറ്റ തട്ടിപ്പ്: ക്യുബെക്കിൽ 100-ലേറെ വ്യാജ സർട്ടിഫിക്കറ്റുകൾ; മുൻ ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്
ഇത്തരം അടിസ്ഥാനരേഖകൾ ലഭ്യമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ അപേക്ഷകർ പ്രധാനമായും മൂന്ന് ലെറ്ററുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആർക്കൈവുകളിൽ അന്വേഷണം നടത്തിയിട്ടും രേഖ ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്ന നോ-റെക്കോർഡ് ലെറ്റർ, ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ, ഒപ്പം മുഴുവൻ കുടുംബ പരമ്പരയും വിശദീകരിക്കുന്ന കവർ ലെറ്റർ എന്നിവയാണവ. രേഖകൾക്കായി നടത്തുന്ന ഓരോ അന്വേഷണങ്ങളുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നത് IRCC ഓഫീസർക്ക് മുന്നിൽ അപേക്ഷ കേസ് ശക്തമാക്കാൻ സഹായിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





