ഓട്ടവ: ഓട്ടവയിലെ ഭവനവിപണിയിൽ വീടുകളുടെ വിൽപ്പനയിലും വിലയിലും ഇടിവ് തുടരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഈ വർഷം വിൽപ്പനയിൽ 10.7 ശതമാനവും ശരാശരി വിൽപ്പനവിലയിൽ 4.5 ശതമാനവും കുറവുണ്ടായതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് (OREB) അറിയിച്ചു.

ഒക്ടോബറിൽ എംഎൽഎസ് (MLS) സംവിധാനത്തിലൂടെ 1,048 വീടുകളാണ് വിറ്റത്. സെപ്റ്റംബറിനെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ 3.8 ശതമാനം വർധനയുണ്ടായെങ്കിലും, 2025 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണിത്. 2026-ലെ ആദ്യ പത്ത് മാസത്തെ മൊത്തം കണക്കെടുത്താൽ, മുൻവർഷത്തെ ഇതേ കാലയളവിനേക്കാൾ 7.3 ശതമാനത്തിന്റെ ഇടിവാണ് വിൽപനയിലുണ്ടായത്.അപ്പാർട്ട്മെന്റുകളുടെ വിൽപ്പനയിലാണ് ഏറ്റവും വലിയ തിരിച്ചടി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറഞ്ഞ് വെറും 115 അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഒക്ടോബറിൽ വിറ്റത്. സിംഗിൾ ഫാമിലി വീടുകളുടെ (Detached homes) വിൽപ്പന 12.5 ശതമാനം കുറഞ്ഞ് 558 ആയും ടൗൺഹൗസുകളുടേത് മൂന്ന് ശതമാനം കുറഞ്ഞ് 350 ആയും രേഖപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് ഒരു വീടിന്റെ ശരാശരി വിൽപ്പനവില 6,78,512 ഡോളറാണ്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെക്കാൾ 4.5 ശതമാനവും തൊട്ടുമുമ്പത്തെ സെപ്റ്റംബറിനേക്കാൾ ഒരു ശതമാനവും കുറവാണിത്. മീഡിയൻ പ്രൈസ് (ശരാശരി മധ്യവില) 3.9 ശതമാനം കുറഞ്ഞ് 6,22,000 ഡോളറിലെത്തി. അപ്പാർട്ട്മെന്റുകളുടെ ബെഞ്ച്മാർക്ക് വില 5.3 ശതമാനം ഇടിഞ്ഞ് 3,77,500 ഡോളറിലെത്തി.
ALSO READ: ഓട്ടവയിൽ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; സെപ്റ്റംബറിൽ പുതിയ ലിസ്റ്റിംഗുകൾ വർധിച്ചതായി OREB റിപ്പോർട്ട്
തൊഴിൽമേഖലയിലെ അനിശ്ചിതത്വം, മോർട്ട്ഗേജ് പലിശ നിരക്കുകൾ, സർക്കാരിന്റെ ഭവനനയങ്ങൾ എന്നിവ വരും മാസങ്ങളിലും വിപണിയെ സ്വാധീനിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് പ്രസിഡന്റ് ടാമി ഈഡ്സ് പറഞ്ഞു. പുതിയ ഫെഡറൽ ബജറ്റിലെ തൊഴിൽ-ഭവന പ്രഖ്യാപനങ്ങൾ വിപണി ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഫെഡറൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത് ഓട്ടവയിലെ തൊഴിൽസാഹചര്യത്തെയും അതുവഴി വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസത്തെയും കാര്യമായി ബാധിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Ottawa Home Sales and Prices Decline’




