ഒന്റാരിയോ: സാങ്കേതികവിദ്യ വളരുമ്പോൾ ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷ വീണ്ടും വലിയ ചോദ്യചിഹ്നമാകുന്നു. താനേ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ തടയാൻ കാനഡയിലെ പ്രമുഖ ബാങ്കുകൾ കടുത്ത നടപടികൾ തുടങ്ങി. റോയൽ ബാങ്ക് ഓഫ് കാനഡ, ടിഡി ബാങ്ക്, സിഐബിസി, സ്കോഷ്യാ ബാങ്ക് എന്നിവ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് എഐ ആപ്പുകളെ വിലക്കി. ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള സാമ്പത്തിക സുരക്ഷ മുൻനിർത്തിയാണ് ബാങ്കുകൾ ഈ നിർണായക തീരുമാനമെടുത്തത്.
ഉപയോക്താക്കൾ അറിയാതെ ബാങ്ക് അക്കൗണ്ടുകളിൽ കയറി സ്വയം സാമ്പത്തിക ഇടപാടുകൾ നടത്താൻ എഐ ടൂളുകൾ മുതിർന്നതാണ് ഈ തീരുമാനത്തിന് കാരണം. അടുത്തിടെ അമേരിക്കയിലെ മോർഗൻ സ്റ്റാൻലി, വെൽസ് ഫാർഗോ ബാങ്കുകളിൽ ഇത്തരം അനധികൃത ഇടപെടലുകൾ നടന്നിരുന്നു. ആളുകളെ സഹായിക്കാനായി എത്തിയ മെറ്റായുടെ ‘മ്യൂസ്’, ഓപ്പൺ എഐയുടെ ‘ഡോട്സ്’ തുടങ്ങിയ പുതിയ എഐ ആപ്പുകളിലാണ് ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.
ALSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
ഹാക്കർമാർക്ക് ഈ എഐ ആപ്പുകളുടെ നിയന്ത്രണം എടുക്കാനും ആളുകളുടെ ഫോണും കമ്പ്യൂട്ടറും ദുരുപയോഗം ചെയ്യാനും സാധിക്കുമെന്ന് സുരക്ഷാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഓട്ടോമാറ്റിക് എഐ സംവിധാനങ്ങൾ വലിയ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിതുറക്കുമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ ചീഫ് എക്സിക്യൂട്ടീവ് ഡേവ് മക്കേ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, ഫ്രാൻസിലെ ക്രെഡിറ്റ് മ്യൂച്വൽ അർക്കിയ ബാങ്കിൽ നിന്ന് 100 ദശലക്ഷം യൂറോ സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ തട്ടിയെടുത്ത് ക്രിപ്റ്റോകറൻസിയാക്കി മാറ്റിയ സംഭവവും പുറത്തുവന്നിട്ടുണ്ട്.
കാനഡയിലെ ബാങ്കുകളുടെ ഈ പുതിയ സുരക്ഷാ തീരുമാനം, അവിടെ ജീവിക്കുന്ന മലയാളി കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ബാധകമാണ്. അതിനാൽ കാനഡയിൽ ജീവിക്കുന്നവരും പുതിയതായി കുടിയേറുന്നവരുമായ മലയാളികൾ സാമ്പത്തിക കാര്യങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പിൻ നമ്പറുകൾ, സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN) എന്നിവ ഒരു കാരണവശാലും ഇത്തരം എഐ ആപ്പുകളിൽ നൽകരുത്. ഫോണിലെ പ്രധാന ബാങ്കിംഗ് ആപ്പുകളിൽ ‘ടു ഫ്രാക്ടർ ഓതന്റിക്കേഷൻ’ (2FA) ഉറപ്പാക്കുക. എഐ ഉപയോഗം എളുപ്പമാണെങ്കിലും, സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നത് വരെ സാമ്പത്തിക കാര്യങ്ങളിൽ നിന്ന് ഇവയെ അകറ്റി നിർത്തുന്നതാണ് ബുദ്ധി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





