വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾക്ക് ചരിത്രവിജയം. മത്സരിച്ച 339 വനിതകളിൽ 213 പേരും തിരഞ്ഞെടുക്കപ്പെട്ട് ഭരണസമിതികളിൽ ഇടംപിടിച്ചു. ആകെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ 25 ശതമാനത്തോളം വനിതകളാണ്. 2022-ൽ ഇത് 20 ശതമാനമായിരുന്നു. പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വനിതാ പ്രാതിനിധ്യമാണിതെന്ന് അസോസിയേഷൻ ഓഫ് മാനിറ്റോബ മുൻസിപ്പാലിറ്റീസ് (എ.എം.എം) സ്ഥിരീകരിച്ചു. പ്രധാന നഗരമായ വിന്നിപെഗിലെ 15 കൗൺസിലർ പദവികളിൽ ഏഴെണ്ണത്തിലും വനിതകളാണ് ജയിച്ചുകയറിയത്. 1972-ലെ യൂണിസിറ്റി ഏകീകരണത്തിന് ശേഷം ഇത്രയധികം വനിതകൾ കൗൺസിലിലെത്തുന്നത് ആദ്യമായാണ്.
വനിതകളെ രാഷ്ട്രീയത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി എ.എം.എം നടത്തിയ ഇടപെടലുകളും ‘ഹെർ സീറ്റ് അറ്റ് ദി ടേബിൾ’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബ്രാൻഡൻ കേന്ദ്രീകരിച്ച് സാമ്പത്തിക ആസൂത്രകയായ ട്രേസി ബേക്കർ സ്ഥാപിച്ച ഈ സംഘടന, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സഹായങ്ങളും മാർഗ്ഗനിർദേശങ്ങളും വനിതകൾക്ക് നൽകിവരുന്നുണ്ട്. ബ്രാൻഡൻ കൗൺസിലിലേക്ക് ഈ സംഘടനയുടെ പിന്തുണയോടെ മത്സരിച്ച നാല് പേരിൽ ഒരാൾ വിജയിച്ചു. കൃത്യമായ ബോധവത്കരണത്തിലൂടെയും പരിശീലനത്തിലൂടെയും അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ വനിതകളെ ജനപ്രതിനിധികളാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
തിരഞ്ഞെടുപ്പിൽ മുൻ മേയർമാർ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടപ്പോൾ പുതിയ വനിതാ നേതാക്കൾ മേയർ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് ക്ലെമന്റിൽ റോസലി ഡ്രൈസ്‌ഡേലും ഓക്ബാങ്ക് ഉൾപ്പെടുന്ന സ്പ്രിംഗ്ഫീൽഡിൽ മെലിൻഡ വാറനും കന്നി വിജയം നേടി മേയർമാരായി. പോർട്ടേജ് ലാ പ്രേരിയിൽ ഷാരിലിൻ നോക്സും കില്ലാർണി-ടർട്ടിൽ മൗണ്ടനിൽ ജാനിസ് സ്മിത്തും മേയർ സ്ഥാനം നിലനിർത്തി. അതേസമയം സെന്റ് ക്ലെമന്റിലെ ഡെബി ഫീബൽ കോൺ, ഈസ്റ്റ് സെന്റ് പോളിലെ കർല ഡെവ്‌ലിൻ, വെർഡനിലെ ടിന വില്യംസ്, തോംസണിലെ കൊളീൻ സ്മൂക്ക്, ടു ബോർഡേഴ്‌സിലെ സാൻഡ്ര ക്ലോഷ് എന്നീ മുൻ മേയർമാർക്ക് ഇത്തവണ സീറ്റ് നഷ്ടമായി.
ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ
കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന വോട്ടിംഗ് ശതമാനമാണ് ഇത്തവണ മാനിറ്റോബയിലുടനീളം രേഖപ്പെടുത്തിയത്. 2022-ൽ 7,31,000 ആളുകൾ വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 8,27,000-ത്തിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാർഥികളുടെ എണ്ണത്തിലും വർധനവുണ്ടായി. 2022-ൽ 1,380 പേർ മത്സരിച്ചപ്പോൾ ഇത്തവണ 1,419 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മാറിചിന്തിക്കാൻ വോട്ടർമാർ തയാറായതാണ് ജനപ്രതിനിധികളിൽ വലിയൊരു വിഭാഗം പുതിയ മുഖങ്ങൾ എത്താൻ കാരണമായതെന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മേയർ ജാനിസ് സ്മിത്ത് വിലയിരുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





