വിന്നിപെഗ്: വിന്നിപെഗ് നഗരസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയം വരിച്ച് മേയർ സ്കോട്ട് ഗില്ലിംഗ്ഹാം. ശക്തമായ എതിരാളികളുടെ അഭാവവും പ്രതിപക്ഷ നിരയിലെ ഏകോപനമില്ലായ്മയും മുതലെടുത്താണ് ഗില്ലിംഗ്ഹാം രണ്ടാം ഊഴം ഉറപ്പിച്ചത്. 11 സ്ഥാനാർഥികളാണ് മേയർ പദവിക്കായി ഇത്തവണ ഗില്ലിംഗ്ഹാമിനെതിരെ രംഗത്തുണ്ടായിരുന്നത്. 2022-ലെ തിരഞ്ഞെടുപ്പിൽ 27 ശതമാനം വോട്ടുകൾ മാത്രം ലഭിച്ച ഗില്ലിംഗ്ഹാം, ഇത്തവണ പോൾ ചെയ്ത വോട്ടിന്റെ 40 ശതമാനവും സ്വന്തമാക്കിയാണ് വിജയം വീണ്ടെടുത്തത്.
അതേസമയം, മേയർ സ്ഥാനത്ത് ഗില്ലിംഗ്ഹാം ഭരണം നിലനിർത്തിയെങ്കിലും കൗൺസിൽ തലത്തിൽ ഭരണവിരുദ്ധ തരംഗം പ്രകടമായിരുന്നു. മത്സരിച്ച 10 നിലവിലെ കൗൺസിലർമാരിൽ നാല് പേർ തോൽവി ഏറ്റുവാങ്ങി. ഒൾഡ് കിൽഡോനാനിൽ ദേവി ശർമ, സെന്റ് ജെയിംസിൽ ഷോൺ ഡോബ്സൺ, മൈനാർസ്കിയിൽ റോസ് ഈഡി, ലൈംഗിക അതിക്രമവും മയക്കുമരുന്ന് കേസുകളും നേരിടുന്ന ട്രാന്സ്കോണയിലെ റസ് വൈയാറ്റ് എന്നിവരാണ് പരാജയപ്പെട്ട പ്രമുഖർ. ഇതോടെ വിന്നിപെഗ് സിറ്റി കൗൺസിലിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
വിന്നിപെഗിൽ വർധിച്ചുവരുന്ന തെരുവ് ജീവിതവും ദാരിദ്ര്യവും ലഹരി അടിമത്തവുമാണ് പുതിയ ഭരണസമിതിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നഗരം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണിതെന്നും ഒന്നാം ഊഴത്തിൽ ഇക്കാര്യത്തിൽ പ്രതീക്ഷിച്ചത്ര കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെന്ന് സമ്മതിക്കുന്നുവെന്നും മേയർ ഗില്ലിംഗ്ഹാം വ്യക്തമാക്കി. ലഹരിമുക്ത കേന്ദ്രങ്ങൾ, ഡിടോക്സ് ബെഡുകൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ എണ്ണം വർധിപ്പിക്കാൻ പ്രവിശ്യാ സർക്കാരുമായി ചേർന്ന് കൂടുതൽ ഫണ്ട് കണ്ടെത്തുമെന്നും ഇതാണ് തന്റെ പ്രധാന മുൻഗണനയെന്നും വിജയാഘോഷങ്ങൾക്കിടെ അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖർക്ക് ഗില്ലിംഗ്ഹാമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. രണ്ടാം സ്ഥാനത്തെത്തിയ മുൻ സിറ്റി കൗൺസിലർ കൂടിയായ കെവിൻ ക്ലെയിൻ 21 ശതമാനം വോട്ടുകൾ നേടി. കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളും വംശീയ വിഷയങ്ങളിലെ മുൻ നിലപാടുകളും എൻ.ഡി.പി അനുകൂല വോട്ടർമാർക്കിടയിൽ ക്ലെയിന് തിരിച്ചടിയായി. എന്നാൽ കൃത്യമായ പ്രചാരണങ്ങൾ നടത്താതെ പ്രധാനമായും സോഷ്യൽ മീഡിയയെ മാത്രം ആശ്രയിച്ച് പോരാടിയ പുതുമുഖം നോഹ് റെഡ്ഡൻ 20 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. വലതുപക്ഷ ചിന്താഗതിക്കാരനായ മൈക്ക് വോഗിയാറ്റ്സാക്കിസ് 10 ശതമാനം വോട്ടുകളും നേടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





