ഓട്ടവ: കാനഡയിലെ കുറഞ്ഞ വരുമാനക്കാരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി ഫെഡറൽ സർക്കാറിന്റെ പുതിയ പ്രഖ്യാപനം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഗ്യാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS) തുകയിൽ 1.4 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ത്രൈമാസ വർദ്ധനവാണിത്. പുതുക്കിയ നിരക്കിലുള്ള ആദ്യ പേയ്മെന്റ് ഒക്ടോബർ 28 ബുധനാഴ്ച ബാങ്ക് അക്കൗണ്ടുകളിലെത്തും.
ഈ വർദ്ധനവോടെ ഒറ്റയ്ക്ക് കഴിയുന്ന അർഹരായ വ്യക്തികൾക്ക് ലഭിക്കുന്ന പരമാവധി പ്രതിമാസം GIS തുക 1,138.90 ഡോളറായി ഉയർന്നു. മുൻ പാദത്തെക്കാൾ പ്രതിമാസം 15.73 ഡോളറിന്റെ അധിക വർദ്ധനവാണ് ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ 60 മുതൽ 64 വയസ്സ് വരെയുള്ളവർക്കുള്ള അലവൻസ് തുക 1,448.06 ഡോളറായും, അലവൻസ് ഫോർ ദി സർവൈവർ തുക 1,726.18 ഡോളറായും ഉയർന്നു. ലഭിക്കുന്ന ഈ തുകകളെല്ലാം പൂർണ്ണമായും നികുതിരഹിതമാണ്.
ALSO READ: കാനഡ താത്കാലിക റെസിഡൻസി വിസ കാത്തിരിപ്പ് സമയം കൂടി; പുതിയ കണക്കുകൾ ഇങ്ങനെ
വർദ്ധിപ്പിച്ച പുതിയ നിരക്കിലുള്ള ആദ്യ പേയ്മെന്റ് ഒക്ടോബർ 28 ബുധനാഴ്ച ലഭിക്കും. തുടർന്നുള്ള പേയ്മെന്റുകൾ നവംബർ 26 വ്യാഴാഴ്ചയും, ക്രിസ്മസ് പ്രമാണിച്ച് മുൻകൂറായി ഡിസംബർ 22 ചൊവ്വാഴ്ചയും അക്കൗണ്ടുകളിൽ എത്തുന്നതാണ്. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, തുക ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പെൻഷൻ വിശദാംശങ്ങൾ അറിയാൻ മൈ സർവീസ് കാനഡ അക്കൗണ്ട് സന്ദർശിക്കുകയോ 1-800-277-9914 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4





