ടൊറന്റോ: കാനഡയിലെ പരോൾ സംവിധാനത്തിൽ അടിയന്തര മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ടൊറന്റോയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവും അഭിഭാഷകരും പൊലീസ് അസോസിയേഷനുകളും രംഗത്ത്. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾ തുടർച്ചയായി പരോളിനായി അപേക്ഷ നൽകുന്ന പശ്ചാത്തലത്തിലാണ് നീക്കം.
1994 ജൂണിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ടൊറന്റോ പൊലീസ് കോൺസ്റ്റബിൾ ടോഡ് ബെയിലീസിന്റെ (25) കുടുംബമാണ് നീതിപീഠത്തിന്റെ നിലവിലെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നത്. ലഹരിമരുന്ന് കച്ചവടക്കാരനെന്ന് സംശയിക്കുന്നയാളെ പിന്തുടരുന്നതിനിടെ തലയ്ക്ക് വെടിയേറ്റാണ് ടോഡ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്ലിന്റൺ ഗെയ്ൽ എന്നയാൾക്ക് കൊലപാതകത്തിനും, ടോഡിന്റെ സഹപ്രവർത്തകനെ വധിക്കാൻ ശ്രമിച്ചതിനും 25 വർഷത്തേക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാനിയമപ്രകാരം പ്രാഥമിക കാലാവധി പൂർത്തിയായതോടെ പ്രതിക്ക് ഓരോ രണ്ട് വർഷം കൂടുമ്പോഴും പരോളിനായി അപേക്ഷിക്കാൻ സാധിക്കും. ഇത് മൂലം ഇരകളുടെ കുടുംബങ്ങൾക്ക് ഓരോ ഹിയറിംഗിലും പങ്കെുടുത്ത് പഴയ ക്രൂരതകൾ വീണ്ടും ഓർത്തെടുക്കേണ്ടി വരുന്നുവെന്ന് ടോഡിന്റെ സഹോദരൻ കോഡി ബെയിലീസ് പറഞ്ഞു. 2019, 2021, 2024, 2026 വർഷങ്ങളിൽ നടന്ന ഹിയറിംഗുകളിൽ പങ്കെടുത്ത കുടുംബത്തിന് വരും വർഷങ്ങളിലും ഇതേ മാനസികവിഷമങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്നും, കുറ്റവാളികളുടെ അവകാശങ്ങൾക്കാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വികാരങ്ങളേക്കാൾ മൂല്യം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെ തുടർന്ന് ടൊറന്റോ പൊലീസ് അസോസിയേഷൻ ഫെഡറൽ സർക്കാരിന് അയച്ച കത്തിൽ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നാം ഡിഗ്രി കൊലപാതകക്കേസുകളിൽ പരോൾ ഹിയറിംഗുകൾ തമ്മിലുള്ള ഇടവേള രണ്ട് വർഷത്തിൽ നിന്ന് അഞ്ച് മുതൽ ഏഴ് വർഷം വരെയായി ഉയർത്തണമെന്നും, ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ പരോൾ അയോഗ്യതാ കാലാവധി 35 വർഷം വരെ വർധിപ്പിക്കാൻ ജഡ്ജിമാർക്ക് അധികാരം നൽകണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
അതേസമയം, കുപ്രസിദ്ധ കുറ്റവാളി പോൾ ബർണാർഡോ ജനുവരിയിൽ നാലാമത്തെ പരോൾ ഹിയറിംഗിനായി അപേക്ഷ നൽകാനൊരുങ്ങുകയാണ്. ബർണാർഡോ വധിച്ച ലെസ്ലി മഹാഫി, ക്രിസ്റ്റൻ ഫ്രെഞ്ച് എന്നീ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് വേണ്ടി കേസ് നടത്തുന്ന അഭിഭാഷകൻ ടിം ഡാൻസൺ, ബർണാർഡോ ഇപ്പോഴും യാതൊരു പശ്ചാത്താപവുമില്ലാത്ത കൊടും കുറ്റവാളിയാണെന്ന് ഓർമ്മിപ്പിച്ചു. സെപ്റ്റംബർ മാസത്തിൽ ഈ വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് ഫെഡറൽ സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്ന് പൊലീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ നീതിന്യായ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









