കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ത്രെഡ്സിൽ പുതിയ പാരന്റൽ സൂപ്പർവിഷൻ സംവിധാനം അവതരിപ്പിച്ച് മെറ്റ. ഏഷ്യ-പസഫിക് മേഖലയിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ കൗമാരക്കാരായ കുട്ടികൾ ത്രെഡ്സിൽ ചെലവഴിക്കുന്ന സമയം, സ്വകാര്യതാ ക്രമീകരണങ്ങൾ, ഉള്ളടക്ക മുൻഗണനകൾ എന്നിവ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഈ ആഴ്ച മുതൽ ഏഷ്യ-പസഫിക് മേഖലയിലെ രക്ഷിതാക്കൾക്ക് മെറ്റ ഫാമിലി സെന്റർ വഴി പുതിയ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

കുട്ടികൾ കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ ദിവസവും ത്രെഡ്സിൽ ചെലവഴിച്ച സമയവും ശരാശരി ഉപയോഗവും രക്ഷിതാക്കൾക്ക് പരിശോധിക്കാം. ദിവസേനയുള്ള ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കാനും നിശ്ചിത സമയങ്ങളിലും ദിവസങ്ങളിലും ആപ്പ് ഉപയോഗിക്കുന്നത് തടയാനും കഴിയും. ഒന്നിലധികം ഉപകരണങ്ങൾ ഉപയോഗിച്ചാലും ആകെ ഉപയോഗസമയം കണക്കാക്കിയാണ് സമയപരിധി ബാധകമാകുക. രാത്രികാല ഉപയോഗം നിയന്ത്രിക്കാൻ സ്ലീപ്പ് മോഡും ലഭിക്കും. രാത്രി 10 മുതൽ രാവിലെ 7 വരെ അറിയിപ്പുകൾ നിശബ്ദമാക്കുകയും സ്വയം മറുപടി നൽകുന്ന സംവിധാനം സജീവമാക്കുകയും ചെയ്യും.
ALSO READ ; ₹77 ലക്ഷം ശമ്പളം, പക്ഷേ സേവിങ്സ് എത്ര? വിദേശ ജോലി സ്വപ്നം കാണുന്നവർ അറിയേണ്ട കണക്ക് വൈറൽ
16 വയസ്സിന് താഴെയുള്ള കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ചില സ്വകാര്യതാ ക്രമീകരണങ്ങളിലും രക്ഷിതാക്കൾക്ക് നിയന്ത്രണം ലഭിക്കും. ടാഗ് ചെയ്യാനുള്ള അനുമതി, സെൻസിറ്റീവ് ഉള്ളടക്കവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ തുടങ്ങിയവ നിയന്ത്രിക്കാനും സാധിക്കും. കൗമാരക്കാർക്ക് കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കുന്നതിനൊപ്പം മെറ്റയുടെ മറ്റ് സമൂഹമാധ്യമ ആപ്പുകളിലെ സുരക്ഷാ സംവിധാനങ്ങളുമായി ത്രെഡ്സിനെയും കൂടുതൽ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. പാരന്റൽ സൂപ്പർവിഷൻ സംവിധാനം ഉപയോഗിക്കുന്നതിന് familycenter.meta.com/supervision വഴി രക്ഷിതാക്കൾക്ക് സൗകര്യം ലഭിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








