ഒന്റാരിയോ: ഒന്റാരിയോയിലെ വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ഒരുപോലെ ബാധകമാകുന്ന പുതിയ വാടക നിയമങ്ങൾ സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്നു. ലാൻഡ്‌ലോഡ് ആൻഡ് ടെനന്റ് ബോർഡിന്റെ (LTB) നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാനും കുടിയൊഴിപ്പിക്കൽ നിയമങ്ങൾ സങ്കീർണ്ണമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.
ഇനിമുതൽ വാടക നൽകാത്തവർക്കുള്ള N4 നോട്ടീസ് കാലാവധി 14 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറയും. ഏഴ് ദിവസത്തിനകം കുടിശ്ശിക തീർത്തില്ലെങ്കിൽ ഉടമസ്ഥർക്ക് തൊട്ടടുത്ത ദിവസം തന്നെ LTB-യെ സമീപിക്കാം. കൂടാതെ, ഏതെങ്കിലും 6 മാസ കാലയളവിനുള്ളിൽ 3 തവണ വാടക തീയതി കഴിഞ്ഞ് 7 ദിവസത്തിൽ കൂടുതൽ വൈകിയാൽ, അത് വിട്ടുമാറാത്ത കുടിശ്ശികയായി കണക്കാക്കി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും.
വാടക കുടിശ്ശിക കേസിന്റെ വിചാരണ വേളയിൽ മെയിന്റനൻസ് പോരായ്മകളെക്കുറിച്ചോ ഉടമയുടെ പീഡനത്തെക്കുറിച്ചോ വാടകക്കാരന് സെക്ഷൻ 82 പ്രകാരം പുതിയ പരാതികൾ ഉന്നയിക്കണമെങ്കിൽ, കേസ് ഫയൽ ചെയ്ത സമയത്തെ കുടിശ്ശികയുടെ 50 ശതമാനം വിചാരണയ്ക്ക് 7 ദിവസം മുമ്പെങ്കിലും അടച്ചുതീർക്കണം. എന്നാൽ സാധാരണ പ്രതിരോധത്തിനും വാടക തർക്കങ്ങൾക്കും ഇതിന്റെ ആവശ്യമില്ല.
വീടുടമസ്ഥർക്ക് സ്വന്തം ആവശ്യത്തിന് വീട് ഒഴിപ്പിക്കാൻ 120 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകുകയാണെങ്കിൽ, വാടകക്കാരന് സാധാരണ നൽകേണ്ട ഒരു മാസത്തെ വാടക നഷ്ടപരിഹാരം ഒഴിവാക്കാം. എന്നാൽ 60 ദിവസത്തെ സാധാരണ നോട്ടീസിന് ഒരു മാസത്തെ വാടക നഷ്ടപരിഹാരമായി നൽകുന്നത് തുടരും. സ്വന്തം ആവശ്യത്തിനെന്ന് പറഞ്ഞ് ഒഴിപ്പിച്ച ശേഷം 60 ദിവസത്തിനകം ഉടമയോ ബന്ധപ്പെട്ട ആളോ താമസം തുടങ്ങിയില്ലെങ്കിൽ അത് ദുരുദ്ദേശ്യപരമായ ഒഴിപ്പിക്കലായി കണക്കാക്കും. ഇത്തരത്തിൽ കുറ്റക്കാരായ ഉടമസ്ഥർക്ക് $50,000 വരെ പിഴയും പഴയ വാടകക്കാരന് 12 മാസത്തെ വാടക നഷ്ടപരിഹാരമായും നൽകേണ്ടി വരും.
അറ്റകുറ്റപ്പണികൾക്കായി ഒഴിപ്പിക്കുന്ന വീടുകൾ പണി പൂർത്തിയായ ശേഷം തിരികെ നൽകുന്നതിന് കൃത്യമായ സമയപരിധിയും രേഖാമൂലമുള്ള അറിയിപ്പുകളും ഇനി നിർബന്ധമാണ്. സെപ്റ്റംബർ 21 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിനാൽ വാടകക്കാർ കൃത്യസമയത്ത് വാടക അടയ്ക്കാനും ബാങ്ക് ഇടപാടുകളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









