ഓട്ടവ: കാനഡ PR ആഗ്രഹിക്കുന്ന അപേക്ഷകർക്കായി എക്സ്പ്രസ് എൻട്രി ഡ്രോ പൂളിലെ വിവരങ്ങൾ പുറത്തുവിട്ട് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് (IRCC). ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 13 വരെയുള്ള കണക്കുകൾ പ്രകാരം 501 മുതൽ 600 വരെയുള്ള ഉയർന്ന കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
501-600 സ്കോർ പരിധിയിലുള്ള അപേക്ഷകരുടെ എണ്ണം 1,242 വർധിച്ച് 20,784 ആയി ഉയർന്നു. സെപ്റ്റംബർ 13 വരെയുള്ള കണക്ക് പ്രകാരം ആകെ 2,26,793 അപേക്ഷകരാണ് നിലവിൽ പൂളിലുള്ളത്. 120 അപേക്ഷകരുടെ ചെറിയ വർധനവാണ് ഇവിടെ ഉണ്ടായത്. 471 നും 500 നും ഇടയിൽ സ്കോർ ഉള്ളവരുടെ എണ്ണത്തിൽ 2,085 അപേക്ഷകളുടെ കുറവുണ്ടായിട്ടുണ്ട്.
സെപ്റ്റംബർ തുടക്കത്തിൽ നടന്ന വിവിധ ഡ്രോകളിലൂടെ 6,291 പേർക്ക് കാനഡ ഐടിഎ നൽകി. ഇതിൽ ഹെൽത്ത് കെയർ രംഗത്തുള്ളവർക്കായി 3,500 ക്ഷണം അയച്ചപ്പോൾ കുറഞ്ഞ CRS സ്കോർ 475 ആയിരുന്നു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയിൽ കുറഞ്ഞ സ്കോർ 521 ആണ് രേഖപ്പെടുത്തിയത്.
ഇതിന് പുറമെ സെപ്റ്റംബർ 14, 15 തീയതികളിലായി നടന്ന PNP, CEC ഡ്രോകളിലൂടെ 2,576 പേർക്ക് കൂടെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതോടെ 2026-ൽ ഇതുവരെ ആകെ 1,28,732 അപേക്ഷകർക്കാണ് കാനഡ സ്ഥിരതാമസത്തിനുള്ള ക്ഷണം നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് കനേഡിയൻ പ്രവൃത്തിപരിചയമുള്ള CEC അപേക്ഷകർക്കാണ്. 41.4 ശതമാനമാണ് ഇതിന്റെ കണക്ക്.
കാറ്റഗറി അധിഷ്ഠിതമായി നടത്തുന്ന ഡ്രോകളിൽ ഫ്രഞ്ച് ഭാഷാ പരിജ്ഞാനം, ഹെൽത്ത് കെയർ, ട്രേഡ്സ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് കുറഞ്ഞ സ്കോറിൽ പോലും സ്ഥിരതാമസത്തിന് അവസരം ലഭിക്കുന്നുണ്ടെന്നത് അപേക്ഷകർക്ക് വലിയ ആശ്വാസമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









