വിന്നിപെഗ്: വിന്നിപെഗ് ബാറിൽ വെച്ച് ലോട്ടറി മെഷീനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിന് നേരെ ബിയർ സ്പ്രേ അടിക്കുകയും, എയർ റൈഫിൾ ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 33-കാരൻ അറസ്റ്റിലായി. ജൂലൈ 4-ന് രാത്രി ഹെൻഡേഴ്സൺ ഹൈവേയിലെ ബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തർക്കത്തിനിടെ 36-കാരനായ വ്യക്തിക്ക് നേരെ സ്പ്രേ പ്രയോഗിച്ച പ്രതി ബാറിനുള്ളിലും ഇത് തളിച്ചു. തുടർന്ന് പാർക്കിംഗ് ലോട്ടിലേക്ക് ഓടിയ പ്രതി, സിഗ് സോയർ എംസിഎക്സ് എയർ പവേർഡ് റൈഫിളുമായി ആളുകളെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ പ്രതി ഉപേക്ഷിച്ച ബാഗിൽ നിന്ന് എയർ റൈഫിൾ, ബിയർ സ്പ്രേ, കത്തി, ഹെറോയിൻ എന്ന് സംശയിക്കുന്ന മയക്കുമരുന്ന് എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് മേജർ ക്രൈംസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 10-നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Also Read: ഐസ്ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ജീവന് ഭീഷണി ഉയർത്തൽ, ആയുധ നിയമലംഘനം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ഇനി കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








