ടൊറന്റോ: ബ്രാംപ്ടണിൽ കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയും വീടുകയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ 27 കാരനായ ഇന്ത്യൻ വംശജൻ പിടിയിൽ. ബ്രാംപ്ടൺ സ്വദേശിയായ ലവ്പ്രീത് മാൻ എന്നയാളെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി 10 മണിയോടെ ക്ലോക്ക്വർക്ക് ഡ്രൈവ്, ക്രഡിറ്റ്വ്യൂ റോഡ് പരിസരത്താണ് സംഭവം. വഴിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ആളുള്ളപ്പോൾ തന്നെ ലവ്പ്രീത് വാഹനം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാദേശിക ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഇതിനുശേഷം തൊട്ടടുത്തുള്ള ഒരു വീടിന്റെ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന പ്രതി, വീട്ടുകാരോട് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ വാഹനം കൈക്കലാക്കാൻ കഴിയാതെ വന്നതോടെ ഇവിടെനിന്നും കടന്നുകളഞ്ഞു. തുടർന്ന് പ്രദേശത്തെ മറ്റ് രണ്ടിടങ്ങളിൽ കൂടി കാറുകൾ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
പിറ്റേന്ന് തന്നെ സെൻട്രൽ റോബറി ബ്യൂറോയിലെ ഡിറ്റക്ടീവുകൾ പ്രതിയെ തിരിച്ചറിയുകയും ബ്രാംപ്ടണിലെ വിലാസത്തിൽ തിരച്ചിൽ നടത്തി ലവ്പ്രീത് മാനിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ജീവന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഓന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹാജരാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









