നയാഗ്ര: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ നയാഗ്ര മേഖലയിലെ സ്കൂൾ സോണുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് പരിശോധന ശക്തമാക്കി. നയാഗ്ര റീജിയണൽ പൊലീസിന്റെ നേതൃത്വത്തിലാണ് ‘പ്രോജക്ട് സേഫ് സ്റ്റാർട്ട്’ എന്ന പേരിൽ പ്രത്യേക ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, കമ്മ്യൂണിറ്റി റെസ്പോൺസ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ഈ സുരക്ഷാ പരിശോധന വെള്ളിയാഴ്ച വരെ തുടരും. സ്കൂളുകൾ ആരംഭിക്കുന്ന സമയം, ഉച്ചഭക്ഷണ ഇടവേള, സ്കൂൾ വിടുന്ന സമയം എന്നിവയിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
വേനൽക്കാല അവധിക്കുശേഷം റോഡിൽ സ്കൂൾ ബസുകളും കുട്ടികളും സജീവമായതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സ്കൂൾ പ്രദേശങ്ങളിലെ വേഗപരിധി ലംഘനം തടയാൻ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മേഖലയിലുടനീളമുള്ള 153 സ്കൂളുകൾക്ക് സമീപവും ഘട്ടങ്ങളായി പരിശോധന നടക്കും. റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ക്രോസിംഗ് ഗാർഡുകൾ പൂർണമായും മാറിയ ശേഷമേ വാഹനങ്ങൾ മുന്നോട്ട് പോകാവൂ എന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
Also Read: അമേരിക്കയെ പൂട്ടി കാനഡ; 20 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി
പൊതുസ്ഥലങ്ങളിലോ സ്കൂൾ പരിസരങ്ങളിലോ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് വീണ്ടും വ്യക്തമാക്കി. റോഡുകൾ, നടപ്പാതകൾ, പാർക്കുകൾ എന്നിവയിലെല്ലാം ഈ വിലക്ക് ബാധകമാണ്. കഴിഞ്ഞ വർഷം 25 കമ്മ്യൂണിറ്റി സേഫ്റ്റി സോണുകളിൽ നടത്തിയ സമാനമായ പരിശോധനയിൽ നിയമലംഘനത്തിന് 129 പേർക്കെതിരെ പൊലീസ് ടിക്കറ്റുകളും മുന്നറിയിപ്പുകളും നൽകിയിരുന്നു. കുട്ടികൾക്ക് ക്രോസ്‌വോക്കുകൾ ഉപയോഗിച്ച് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ മാതാപിതാക്കൾ പരിശീലനം നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
'Project Safe Start': Special police traffic campaign in Niagara school zones









