നയാഗ്ര: നയാഗ്ര ഫാൾസിലുള്ള മറൈൻലാന്റിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലുള്ള ഷെഡ് അക്വേറിയത്തിലേക്ക് മാറ്റിയ ബെലൂഗ തിമിംഗലങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മൂന്ന് തിമിംഗലങ്ങൾ ചത്തതിനെ തുടർന്ന് അക്വേറിയം അധികൃതർ ശേഷിക്കുന്നവയ്ക്ക് 24 മണിക്കൂറും തീവ്രപരിചരണവും നിരീക്ഷണവും ഏർപ്പെടുത്തി.
സ്ഥലം മാറ്റി ആഴ്ചകൾക്കുള്ളിൽ ‘പീക്കാച്ചു’, 20 വയസ്സുള്ള ‘റെയിൻ’ എന്നീ മറൈൻലാന്റ് തിമിംഗലങ്ങളാണ് ചത്തത്. ഇവയോടൊപ്പം പതിറ്റാണ്ടുകളായി ചിക്കാഗോ അക്വേറിയത്തിലുണ്ടായിരുന്ന 34 വയസ്സുള്ള മറ്റൊരു തിമിംഗലവും ചത്തു.ശേഷിക്കുന്ന തിമിംഗലങ്ങളുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ലബോറട്ടറി പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇവയുടെ ശ്വാസോച്ഛ്വാസം, നീന്തൽ രീതികൾ, ഭക്ഷണരീതി, മറ്റ് തിമിംഗലങ്ങളുമായുള്ള സമ്പർക്കം എന്നിവ വിദഗ്ദ്ധ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബെലൂഗ തിമിംഗലങ്ങൾക്ക് ആവശ്യമായ ജലാംശം ലഭിക്കുന്നത് അവ കഴിക്കുന്ന മീനുകളിൽ നിന്നാണ്. എന്നാൽ ചില തിമിംഗലങ്ങൾ കൃത്യമായി ഭക്ഷണം കഴിക്കാത്തത് ഇവരുടെ ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മറൈൻലാന്റ് തീം പാർക്ക് പൂട്ടിയിരുന്നു. തുടർന്ന് അടിയന്തര ധനസഹായം ലഭിച്ചില്ലെങ്കിൽ മൃഗങ്ങളെ ദയാവധത്തിന് ഇരയാക്കേണ്ടി വരുമെന്ന് മറൈൻലാന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഫിഷറീസ് മന്ത്രി ജോആൻ തോംസണിന്റെ അനുമതിയോടെ 30 ബെലൂഗ തിമിംഗലങ്ങളെയും 4 ഡോൾഫിനുകളെയും യു.എസ്, സ്പെയിൻ എന്നിവിടങ്ങളിലെ അഞ്ച് അക്വേറിയങ്ങളിലേക്ക് മാറ്റിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തിമിംഗല കൈമാറ്റങ്ങളിലൊന്നായിരുന്നു ഇത്. ഇതോടെ കാനഡയിൽ തിമിംഗലങ്ങളെ കൂട്ടിലടച്ചുള്ള പ്രദർശനം പൂർണ്ണമായും അവസാനിച്ചു.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
നേരത്തെ 2021-ൽ മറൈൻലാന്റിൽ നിന്ന് കണക്റ്റിക്കട്ടിലെ മിസ്റ്റിക് അക്വേറിയത്തിലേക്ക് മാറ്റിയ തിമിംഗലങ്ങളിൽ മൂന്നെണ്ണം ചത്തിരുന്നു. കൂടാതെ, 2019 നും 2025 നും ഇടയിൽ 19 ബെലൂഗ തിമിംഗലങ്ങളും ഒരു കൊലയാളി തിമിംഗലവും ഒരു ഡോൾഫിനും മറൈൻലാന്റിൽ വച്ച് ചത്തിട്ടുള്ളതായാണ് കണക്കുകൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









