എറണാകുളം: ടിവി ചാനൽ ചർച്ചയിൽ വർഗീയ-വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സ്വകാര്യ വാർത്താ ചാനലായ ‘ബിഗ് ടിവി’യിലെ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകളെ സംബന്ധിച്ച് നടത്തിയ ചില നിരീക്ഷണങ്ങളെ ആസ്പദമാക്കി ചാനലിൽ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെ അവതാരക വംശീയ അധിക്ഷേപവും മുസ്ലിം വിരുദ്ധതയും പ്രചരിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
വിവാദം ശക്തമായതോടെ, തന്റെ വാക്കുകൾ ഏതെങ്കിലും തരത്തിൽ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദിക്കുന്നുവെന്ന് അപർണ അറിയിക്കുകയും ചാനൽ അധികൃതർ സംവാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
അതിനിടെ, തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ആക്രമണവും വധഭീഷണിയും ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അപർണ പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് ഭാരവാഹി ഡോ. അബ്ദുള്ള ബാസിലിനെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
എന്നാൽ ബാസിലിനെതിരെ കേസെടുത്തതിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, നജീബ് കാന്തപുരം എം.എൽ.എ, കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി തുടങ്ങിയവരും വിവിധ മുസ്ലിം സംഘടനകളും രംഗത്തെത്തി. ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും വിദ്വേഷ പരാമർശം നടത്തിയ അവതാരകയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ബാസിലിനെതിരായ കേസിൽ തുടർനടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതിനു പിന്നാലെയാണ് അപർണ കുറുപ്പിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









