റെജൈന: റെജൈന മലയാളി അസോസിയേഷന്റെ (RMA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 22-ന് സംഘടിപ്പിക്കുന്നു. റെജൈനയിലെ കലെഡോണിയൻ കേർലിംഗ് ക്ലബിൽ (Caledonian Curling Club) വച്ച് നടക്കുന്ന ആഘോഷങ്ങൾ രാവിലെ 10:00 മണി മുതൽ വൈകിട്ട് 7:30 വരെ നീണ്ടുനിൽക്കും.
രാവിലെ 8 ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശകരമായ വടംവലി മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് 20-ലധികം കൂട്ടം വിഭവങ്ങൾ ഉൾപ്പെടുത്തിയ പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.120-ലധികം നർത്തകികൾ അണിനിരക്കുന്ന മെഗാ തിരുവാതിരക്കളിയാണ് മറ്റൊരു പ്രധാന ആകർഷണം.
റെജൈനയുടെ സ്വന്തം ചെണ്ടമേള ഗ്രൂപ്പായ ‘ധ്വനി ചെണ്ടമേള സംഘം’ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും ആഘോഷങ്ങൾക്ക് ആവേശം പകരും. ഇതിനു പുറമെ വിവിധ കലാപരിപാടികൾ, കേരള ഫാഷൻ ഷോ മത്സരം, ഡി.ജെ. നൈറ്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ റെജൈനയിലെ പ്രമുഖ സ്റ്റാളുകൾ അണിനിരക്കുന്ന ഓണച്ചന്തയും വേദിയിൽ പ്രവർത്തിക്കും.
ആഘോഷത്തോടനുബന്ധിച്ച് 1,000 ഡോളർ ഒന്നാം സമ്മാനം നൽകുന്ന ഓണം ബമ്പർ ലോട്ടറിയും സംഘടിപ്പിച്ചിട്ടുണ്ട്. 10 ഡോളറാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനമായി 500 ഡോളറും മൂന്നാം സമ്മാനമായി 250 ഡോളറും നൽകുന്നതിനൊപ്പം 10 പേർക്ക് 50 ഡോളർ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

ഓഗസ്റ്റ് 15 വരെ ടിക്കറ്റുകൾക്ക് ഏർളി ബർഡ് ഓഫറുകൾ ലഭ്യമാണ്. ടിക്കറ്റുകൾക്കായി https://www.reginama.org/ticket.html എന്ന വെബ്സൈറ്റ് സന്ദർശിക്കാം. എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
Mega Thiruvathira, Panchari Melam, and a bumper lottery! Regina Malayali Association's Onam celebration on August 22
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






