ടൊറന്റോ: ഒന്റാറിയോയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ അക്രമത്തിൽ പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥനായ തരുൺ ബാലി (27) ആണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ഹേർസ്റ്റ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഒപിപിയുടെ ഡഫറിൻ ഡിറ്റാച്ച്‌മെന്റിലെ അംഗമായ തരുൺ, ജെയിംസ് ബേ ഡിറ്റാച്ച്‌മെന്റിന്റെ താൽക്കാലിക ചുമതലയിലിരിക്കെയാണ് ആക്രമിക്കപ്പെട്ടത്. രണ്ടര വർഷത്തെ സർവീസ് മാത്രമുള്ള തരുൺ, മിടുക്കനായ ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

ഹേർസ്റ്റിന് സമീപമുള്ള കെൻഡൽ കൺസെഷൻ റോഡിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു തരുണും സംഘവും. ഇതിനിടെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ തരുണിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തരുണിന്റെ ഭൗതികശരീരം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ടൊറന്റോയിലെ ചീഫ് കോർണർ ഓഫീസിലേക്ക് കൊണ്ടുപോകും. ഏകദേശം 10 മണിക്കൂർ നീളുന്ന ഈ വിലാപയാത്രയ്ക്ക് എമർജൻസി വാഹനങ്ങളുടെ വൻ വ്യൂഹം അകമ്പടി സേവിക്കും.
തരുൺ ബാലിയുടെ വേർപാടിൽ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പോലീസ് ഉന്നത ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്‌നർ എന്നിവരും അനുശോചനം അറിയിച്ചു. ഒന്റാറിയോയിലെ ജനങ്ങൾക്ക് വേണ്ടി തരുണിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഡഗ് ഫോർഡ് വ്യക്തമാക്കി. ഒരോ പോലീസ് കുടുംബത്തിന്റെയും ഏറ്റവും വലിയ ഭയമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും, ഒന്റാറിയോയിലെ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ദിവസേന നേരിടുന്ന അപകടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും ഒപിപി അസോസിയേഷൻ പ്രസിഡന്റ് ഡേവിഡ് സബാറ്റിനി പറഞ്ഞു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഒപിപി അധികൃതരെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസിൽ ഒപിപി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്.
OPP officer killed in line of duty
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








