ഓട്ടവ: നഗരത്തിലെ ട്രംപ് അവന്യൂവിന്റെ പേര് മാറ്റുന്നതിനുള്ള നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ റോഡിന്റെ ഒരു സൈന്‍ബോര്‍ഡ് കാണാതായി. സെന്‍ട്രല്‍ പാര്‍ക്ക് മേഖലയിലെ ട്രംപ് അവന്യൂ-വൈറ്റ്സ്റ്റോണ്‍ ഡ്രൈവ് ജംഗ്ഷനിലെ ബോര്‍ഡാണ് സെപ്റ്റംബര്‍ 25-ന് കാണാതായത്.

1990-കളില്‍ വികസിപ്പിച്ച സെന്‍ട്രല്‍ പാര്‍ക്ക് പ്രദേശത്തെ റോഡുകള്‍ക്ക് ന്യൂയോര്‍ക്ക് നഗരവുമായി ബന്ധപ്പെട്ട പേരുകളാണ് നല്‍കിയിരുന്നത്. അന്നത്തെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായിരുന്ന ഡോണള്‍ഡ് ട്രംപിന്റെ പേരിലാണ് ട്രംപ് അവന്യൂവിനും പേര് നല്‍കിയത്.
ട്രംപ് യുഎസ് പ്രസിഡന്റായതിന് പിന്നാലെ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 2021-ല്‍ നടന്ന വോട്ടെടുപ്പില്‍ പേര് മാറ്റുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വോട്ടുകള്‍ തുല്യമായതോടെ തീരുമാനം ഉണ്ടായില്ല. റോഡിന്റെ പേര് മാറ്റിയാല്‍ ഔദ്യോഗിക രേഖകളിലടക്കം മാറ്റം വരുത്തേണ്ടിവരുമെന്നും അതിന് ചെലവും ബുദ്ധിമുട്ടുമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ചില താമസക്കാര്‍ മാറ്റത്തെ എതിര്‍ത്തിരുന്നു.
ബുധനാഴ്ച റിവര്‍ വാര്‍ഡ് കൗണ്‍സിലര്‍ റൈലി ബ്രോക്കിങ്ടണ്‍ ട്രംപ് അവന്യൂവിന്റെ പേര് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. റോഡിലെ താമസക്കാരുമായി ചര്‍ച്ച ചെയ്ത് പുതിയ പേര് കണ്ടെത്തുമെന്നും അത് അടുത്ത വര്‍ഷം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ട്രംപിന്റെ വൈറ്റ് ഹൗസ് മാധ്യമവിലക്ക് താൽക്കാലികമായി റദ്ദാക്കി കോടതി ഉത്തരവ്
ഇതിന് പിന്നാലെയാണ് വൈറ്റ്സ്റ്റോണ്‍ ഡ്രൈവുമായുള്ള ജംഗ്ഷനിലെ ട്രംപ് അവന്യൂ സൈന്‍ കാണാതായത്. അതേസമയം, ട്രംപ് അവന്യൂ-ബ്ലൂമിങ്ഡെയില്, ട്രംപ് അവന്യൂ-സെലിബ്രേഷന് ജംഗ്ഷനുകളിലെ ബോര്‍ഡുകള്‍ വെള്ളിയാഴ്ച ഉച്ചവരെ അവിടെ തന്നെ ഉണ്ടായിരുന്നു.
ബോര്‍ഡ് കാണാതായതായി സമൂഹമാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ പരിശോധന നടത്തുകയാണെന്നും ഓട്ടവ നഗരസഭ അറിയിച്ചു. സൈന്‍ബോര്‍ഡിന്റെ സ്ഥിതി സ്ഥിരീകരിച്ച ശേഷം പകരം ബോര്‍ഡ് സ്ഥാപിക്കണമോയെന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും നഗരസഭയുടെ ട്രാഫിക് സര്‍വീസസ് ഡയറക്ടര്‍ ക്രിസ്റ്റ ടനാക പറഞ്ഞു.
റോഡ് സൈന്‍ബോര്‍ഡുകള്‍ നഗരസഭയുടെ സ്വത്താണെന്നും അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിന് അവ പ്രധാനപ്പെട്ടതാണെന്നും നഗരസഭ വ്യക്തമാക്കി. ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഓട്ടവ പോലീസ് അറിയിച്ചു.
പ്രശസ്തമോ കൗതുകകരമോ ആയ പേരുകളുള്ള റോഡ് സൈന്‍ബോര്‍ഡുകള്‍ മോഷണം പോകുന്നത് വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓട്ടവ നഗരസഭയിലും ഉപയോഗത്തിലില്ലാത്ത പഴയ റോഡ് സൈന്‍ബോര്‍ഡുകള്‍ 10 ഡോളറിന് വില്‍ക്കാറുമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Trump Avenue Sign Missing After Renaming Move’




