ബ്രാംപ്റ്റൺ: കാനഡയിലെ മലയാളി മനസ്സിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 16-ാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങ് ബ്രാംപ്റ്റൺ സിറ്റി ഹാളിൽ നടന്നു. കാനഡയിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ വള്ളംകളിയുടെ കൗണ്ട്ഡൗണിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. വിവിധ മലയാളി സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കാനഡ ട്രഷറി ബോർഡ് ചെയർമാൻ ഷഫ്ഖാത് അലി, ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ, പ്രമുഖ സിറ്റി കൗൺസിലർമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സമാജം ജനറൽ സെക്രട്ടറി ലെജു രാമചന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കുര്യൻ പ്രകാനം അധ്യക്ഷപ്രസംഗം നടത്തി. കഴിഞ്ഞ വർഷങ്ങളിൽ വള്ളംകളിയെ നെഞ്ചിലേറ്റിയ മലയാളി സംഘടനകൾക്കും ഇതര സമൂഹങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കാനഡയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായി ഈ വള്ളംകളിയെ മാറ്റിയെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.
ഈ വർഷത്തെ മെഗാ സ്പോൺസറും സമാജം വൈസ് പ്രസിഡന്റുമായ അരുൺ ശിവരാമന് ചടങ്ങിൽ വെച്ച് ‘പ്രസിഡന്റ്സ് മെഡൽ’ നൽകി ആദരിച്ചു. സമാജം ഭാരവാഹികളായ ഷിബു ചെറിയാൻ (ട്രഷറർ), ബിനു ജോഷ്വ (വൈസ് പ്രസിഡന്റ്), ഷിബു കൂടൽ, റസീഫ് സലിം, ജിതിൻ പുത്തൻവീട്ടിൽ, ജെഫിൻ വളയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും ഒത്തൊരുമയും കാനഡയിൽ ഉയർത്തിപ്പിടിക്കുന്നതിൽ ഇത്തരം പരിപാടികൾക്കുള്ള പങ്കിനെ അവർ അടിവരയിട്ടു പറഞ്ഞു.
സിറ്റി ഹാളിൽ പതാക ഉയർന്നതോടെ മത്സരത്തിനായുള്ള ടീമുകളുടെ രജിസ്ട്രേഷനും പ്രചാരണ പരിപാടികളും സജീവമായതായി ഓർഗനൈസിംഗ് സെക്രട്ടറിമാരായ തോമസ് കോന്നി, ജോമൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി പ്രേമികൾ ഇനി കാത്തിരിക്കുന്നത് 2026 ഓഗസ്റ്റ് 8-നാണ്. അന്ന് പ്രൊഫസേഴ്സ് ലേക്കിൽ വള്ളംകളിയുടെ ആവേശപ്പോരാട്ടത്തിന് തുഴയെറിയും.
The 16th Canadian Nehru Trophy Boat Race flag-raising ceremony was grandly held at Brampton City Hall
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




