തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ വസതിയിലായിരുന്ന മുഖ്യമന്ത്രി പ്രത്യേക ദൂതൻ വഴിയാണ് രാജ്ഭവനിൽ രാജിക്കത്ത് എത്തിച്ചത്. പിണറായി വിജയന്റെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാളെ മാത്രമേ രാജി ഉണ്ടാകൂ എന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചനകളെങ്കിലും, രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ന് തന്നെ സ്ഥാനം ഒഴിഞ്ഞു കൊണ്ട് മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു.
മൂന്നാം തുടർഭരണമെന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന് ഇത്തവണ ജനവിധി കനത്ത ആഘാതമാണ് സമ്മാനിച്ചത്. ആകെയുള്ള 140 സീറ്റുകളിൽ 102 എണ്ണവും നേടി യുഡിഎഫ് പത്ത് വർഷത്തിന് ശേഷം അധികാരം പിടിച്ചെടുത്തപ്പോൾ, എൽഡിഎഫിന്റെ സാന്നിധ്യം വെറും 35 സീറ്റുകളിലേക്ക് ചുരുങ്ങി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കാതെ പോയതാണ് ഇടതുക്യാമ്പുകളെ ഞെട്ടിച്ചത്. പരാജയത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
മന്ത്രിസഭയിലെ പ്രമുഖരുടെ കൂട്ടത്തോൽവിയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. മത്സരിച്ച 20 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സിറ്റിംഗ് സീറ്റായ ധർമ്മടത്ത് കഷ്ടിച്ചാണ് ജയിച്ചു കയറിയത്. എന്നാൽ, കഴിഞ്ഞ കാൽനൂറ്റാണ്ടായി പത്തനാപുരത്തിന്റെ ജനപ്രതിനിധിയായിരുന്ന കെ.ബി. ഗണേഷ് കുമാർ യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയോട് പരാജയപ്പെട്ടത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി. ആറന്മുളയിൽ വീണ ജോർജിനെതിരെ അബിൻ വർക്കി അട്ടിമറി വിജയം നേടിയപ്പോൾ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവും കളമശ്ശേരിയിൽ പി. രാജീവും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു.
കോട്ടകൾ എന്ന് വിശ്വസിച്ചിരുന്ന പല മണ്ഡലങ്ങളും ഇത്തവണ ഇടതുപക്ഷത്തെ കൈവിട്ടു. ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും പരാജയപ്പെട്ടപ്പോൾ, തൃത്താലയിൽ എം.ബി. രാജേഷിനെ വി.ടി. ബൽറാം മലർത്തിയടിച്ചു. മാനന്തവാടിയിൽ ഒ.ആർ. കേളു, കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി, തിരൂരിൽ വി. അബ്ദുറഹ്മാൻ, എലത്തൂരിൽ എ.കെ. ശശീന്ദ്രൻ എന്നിവരും പരാജയപ്പെട്ടവരുടെ പട്ടികയിലുണ്ട്. അതേസമയം, കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), മുഹമ്മദ് റിയാസ് (ബേപ്പൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), കെ. രാജൻ (ഒല്ലൂർ), പി. പ്രസാദ് (ചേർത്തല), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവർ വിജയിച്ച് സഭയിലെത്തും. സംസ്ഥാന ഭരണത്തിനെതിരായ ശക്തമായ ജനവികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പിൽ, പ്രമുഖ നേതാക്കളുടെ പതനം ഇടതുമുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ തോൽവി സംബന്ധിച്ച ആഴത്തിലുള്ള പരിശോധനകളിലേക്ക് സിപിഎമ്മും എൽഡിഎഫും കടക്കും.
End of ten years of rule; Pinarayi Vijayan steps down, burdened by defeat
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




