കോഴിക്കോട്: നിയമസഭയിലേക്കുള്ള കന്നി മത്സരത്തിൽത്തന്നെ അട്ടിമറി വിജയവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ. ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെ പേരാമ്പ്രയിൽ പരാജയപ്പെടുത്തിയാണ് ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ ചരിത്രവിജയം. മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ എംഎൽഎ എന്ന അപൂർവ നേട്ടവും ഇതോടെ ഫാത്തിമ തഹ്ലിയ സ്വന്തമാക്കി.
1977-ന് ശേഷം ആദ്യമായാണ് പേരാമ്പ്രയിൽ ഒരു യുഡിഎഫ് സ്ഥാനാർഥി വിജയക്കൊടി പാറിക്കുന്നത്. മുൻപ് 1970-ൽ ഡോ. കെ.ജി. അടിയോടിയും 1977-ൽ ഡോ. കെ.സി. ജോസഫും മാത്രമാണ് ഇവിടെ നിന്ന് യുഡിഎഫിനായി ജയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച ടി.പി. രാമകൃഷ്ണനെയാണ് പുതുതലമുറയുടെ പ്രതിനിധിയായ ഫാത്തിമ പരാജയപ്പെടുത്തിയത് എന്നത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽ നിന്നുള്ള കൗൺസിലറായിരുന്ന ഫാത്തിമയെ പേരാമ്പ്രയിൽ മത്സരിപ്പിക്കാനുള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു. ലീഗ് സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ച രണ്ട് വനിതകളിൽ ഒരാളാണ് ഫാത്തിമ. കൂത്തുപറമ്പിൽ മത്സരിച്ച ജയന്തി രാജനാണ് പട്ടികയിലെ രണ്ടാമത്തെ വനിത. അട്ടിമറി വിജയത്തോടെ ലീഗിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിൽ ഒന്നിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ഫാത്തിമ എത്തുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
അതേസമയം, വടകരയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രമയ്ക്കും മന്ത്രിസഭയിൽ സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്ന് രണ്ട് വനിതാ മന്ത്രിമാർ വരാനുള്ള സാധ്യത കുറവായതിനാൽ ഫാത്തിമയുടെ മന്ത്രിപദവി സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. പ്രചാരണത്തിനിടെ ഉണ്ടായ വിവാദങ്ങളും സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട പരാതികളും അതിജീവിച്ചാണ് ഫാത്തിമ തഹ്ലിയ ഈ മിന്നും വിജയം കൈപ്പിടിയിലൊതുക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fathima Thahliya has made history by winning the Perambra constituency




