വാൻകൂവർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ യുഎസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാൻകൂവർ നഗരത്തിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. ശനിയാഴ്ച ഡൗൺടൗൺ വാൻകൂവറിൽ നടന്ന ‘നോ ടൈറന്റ്സ്’ (No Tyrants) റാലിയിൽ പങ്കെടുത്തവർ ട്രംപിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും കനേഡിയൻ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അമേരിക്കയിൽ ‘നോ കിംഗ്സ്’ (No Kings) എന്ന പേരിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കാനഡയിൽ ‘നോ ടൈറന്റ്സ്’ റാലികൾ സംഘടിപ്പിച്ചത്. കിംഗ് ചാൾസ് മൂന്നാമൻ കാനഡയുടെ രാഷ്ട്രത്തലവനായതിനാലാണ് കാനഡയിൽ ഈ പേര് തിരഞ്ഞെടുത്തത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) നടത്തുന്ന അടിച്ചമർത്തലുകൾ, ഇറാനിലെ യുദ്ധസാഹചര്യം, ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച എന്നിവയാണ് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ പ്രധാന വിഷയങ്ങൾ.
“അതിർത്തിയുടെ വടക്ക് വശത്ത് താമസിക്കുന്ന കനേഡിയൻ പൗരന്മാർ എന്ന നിലയിൽ, ട്രംപ് ജനാധിപത്യത്തെ തകർക്കുന്നതും കാനഡയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നതും നിസ്സഹായരായി നോക്കിനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല,” റാലി സംഘടിപ്പിച്ച ‘ഡെമോക്രസി റൈസിംഗ്’ (Democracy Rising) സഹസ്ഥാപക കലിഫി ഫെറെറ്റി-ഗാലൻ പറഞ്ഞു. കനേഡിയൻ കമ്പനികൾ അമേരിക്കൻ ഏജൻസിയായ ‘ഐസുമായുള്ള’ (ICE) ബന്ധം വിച്ഛേദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ആറ് പതിറ്റാണ്ടിലേറെയായി യുദ്ധവിരുദ്ധ പോരാട്ടങ്ങളിൽ സജീവമായ ബോബ് കുൾ ഉൾപ്പെടെയുള്ള നിരവധി പേർ റാലിയിൽ പങ്കെടുത്തു. അമേരിക്കയിലുള്ള തന്റെ കുടുംബത്തിന്റെ സുരക്ഷയിലും അവിടെ വളർന്നുവരുന്ന ഏകാധിപത്യ പ്രവണതകളിലും തനിക്ക് ആശങ്കയുണ്ടെന്ന് ബോബ് കുൾ പ്രതികരിച്ചു. വാൻകൂവറിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ എല്ലാ ശനിയാഴ്ചയും പ്രതിഷേധിക്കുന്ന അദ്ദേഹം, ഇത്തരം കൂട്ടായ്മകൾ ജനങ്ങൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന തോന്നുലുണ്ടാക്കാൻ സഹായിക്കുമെന്നും കൂട്ടിചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
‘No Tyrants’ rally in Vancouver joins anti-Trump protests across U.S.



