സാസ്‌കാച്ചെവൻ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ 2025-ലെ ഫെഡറൽ ബഡ്ജറ്റ് ഇന്നലെ പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്ക് $78 ബില്യൺ കമ്മിയാണ് ബഡ്ജറ്റ് ലക്ഷ്യമിടുന്നത്, ഇത് അടുത്ത വർഷം $65 ബില്യൺ ആയി കുറയ്ക്കാനാണ് പദ്ധതി. താരിഫ് തർക്കങ്ങൾക്കിടയിലും കനേഡിയൻ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിനായി, വാണിജ്യ വികസനത്തിനായി ഏഴ് വർഷത്തേക്ക് $5 ബില്യൺ ചെലവഴിക്കുമെന്നും ബഡ്ജറ്റ് രേഖകൾ വ്യക്തമാക്കുന്നു. പുതിയ വ്യാപാര ഇടനാഴികൾ തുറക്കുന്നത് സസ്‌കാച്ചെവൻ പോലുള്ള പ്രവിശ്യകളിലെ കനോള, യുറേനിയം, പൊട്ടാഷ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ തുറന്നു കൊടുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇതിനുപുറമെ, പുതിയ ബയോഫ്യുവൽ സംരംഭങ്ങൾക്കായി $370 മില്യൺ ഡോളർ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഈ നീക്കം കനോള, ഓയിൽ സീഡ് കർഷകർക്ക് വിപുലമായ അവസരം നൽകുമെന്ന് സസ്‌കാച്ചെവനിലെ കനോള കർഷകനായ ലീ മോട്ട്‌സ് അഭിപ്രായപ്പെട്ടു. ബയോഫ്യുവൽ ശേഷി വർധിക്കുന്നത് എണ്ണക്കുരുക്കൾ ഉപയോഗിച്ച് ഇന്ധനം നിർമ്മിക്കുന്നവർക്ക് കൂടുതൽ വിപണി നൽകും. കർഷകർക്ക് ഇത് ഉടനടി ആശ്വാസം നൽകില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഈ നിക്ഷേപം വലിയ സാധ്യതകളാണ് തുറക്കുന്നത്.
ബഡ്ജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രഖ്യാപനം പൊതുമേഖലയിലെ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറവാണ്. ഈ വർഷം രാജ്യത്തുടനീളം 16,000 പൊതുമേഖലാ ജോലികളും 2028-ഓടെ മൊത്തം 40,000 ജോലികളും വെട്ടിക്കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇത് പൊതുസേവനത്തിന്റെ ചെലവ് കുറയ്ക്കുമെങ്കിലും, എഡ്വേർഡ്‌സ് സ്കൂൾ ഓഫ് ബിസിനസ് പ്രൊഫസർ ദേവൻ മെസ്‌കാളിനെപ്പോലുള്ള വിദഗ്ധർ ഇത് യഥാർത്ഥ മനുഷ്യരുടെ ജോലിയെയാണ് ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ നിരക്കിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൽക്കാലിക താമസക്കാരായ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കുടിയേറ്റം കുറയ്ക്കുന്നതിനും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. കഴിഞ്ഞ വർഷം 516,000-ൽ അധികം താൽക്കാലിക താമസക്കാരെ സ്വാഗതം ചെയ്യാൻ പദ്ധതിയിട്ടിരുന്ന സ്ഥാനത്ത്, അടുത്ത വർഷം ഇത് 385,000 ആയി കുറയ്ക്കാൻ കാർണി സർക്കാർ ലക്ഷ്യമിടുന്നു.
ഇതുകൂടാതെ, “ബിൽഡ് കമ്മ്യൂണിറ്റീസ് സ്ട്രോംഗ് ഫണ്ട്” (Build Communities Strong Fund) എന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി 10 വർഷത്തേക്ക് $51 ബില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്. ആശുപത്രികൾ, റോഡുകൾ, പാർക്കുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിനായി ഈ ഫണ്ട് വിനിയോഗിക്കും.
*കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:*
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada Budget ‘2025-2026’: Crores for commercial development and biofuels; Massive job cuts in the public sector






