കാനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് നിന്ന് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നു. പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലുള്ള വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും സഹോദരൻ ജാക്കിനെയും (4) അവസാനമായി കണ്ടത്. ഇവർ വീട്ടിൽ നിന്ന് പുറത്തുപോയതായി ശനിയാഴ്ച റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ കാണാതായിട്ട് ഏഴാം ദിവസമായി എന്നത് ആശങ്ക കൂട്ടുന്നുണ്ട്. കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ, വെള്ളിയാഴ്ച ഉറക്കം എണീറ്റപ്പോളാണ് കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഉടൻ തന്നെ 911ൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അമ്മ കൂട്ടിച്ചേർത്തു.കുട്ടികളുടെ രണ്ടാനച്ഛൻ ഡാനിയൽ മാർട്ടെൽ, കുട്ടികളെ കണ്ടെത്താനായി അതിർത്തികളും വിമാനത്താവളങ്ങളും നിരീക്ഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതൊരു തട്ടിക്കൊണ്ടുപോകലായി ഇപ്പോൾ കണക്കാക്കുന്നില്ലെന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വ്യക്തമാക്കുന്നത്
140 ഓളം പരിശീലനം ലഭിച്ച തിരച്ചിൽ അംഗങ്ങളും പൊലീസ് നായ്ക്കൾ, ഹീറ്റ്-സീക്കിങ് ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നാല് ചതുരശ്ര കിലോമീറ്റർ വനപ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കുട്ടികളെ കണ്ടതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. തിരച്ചിൽ സമഗ്രമായി പൂർത്തിയാക്കിതിനാൽ ഇപ്പോൾ ചെറിയൊരു പ്രദേശത്തേക്ക് മാത്രമായി ചുരുക്കുമെന്ന് തിരച്ചിൽ സംഘത്തിന്റെ നേതാവ് എമി ഹാൻസെൻ പറഞ്ഞു. ശനിയാഴ്ച ഒരു കാൽപ്പാട് കണ്ടെത്തി. തുടർന്ന് ആ പ്രദേശത്ത് തിരച്ചിൽ വിപുലീകരിച്ചതായും പൊലീസ് അറിയിച്ചു.



