വാഷിംഗ്ടണ്‍: നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ‘പ്ലാന്റ് ആര്‍മര്‍’ സാങ്കേതികവിദ്യയിലൂടെ സ്‌ട്രോബെറി കൃഷിയില്‍ വിളവ് 3.56 ഇരട്ടി വരെ വര്‍ദ്ധിപ്പിക്കാമെന്ന് പുതിയ കണ്ടെത്തൽ. യു.എസിലെ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ടണല്‍ ഫീല്‍ഡ് ടെസ്റ്റുകളിലൂടെയാണ് കീടങ്ങളെ തടയാനും ഉത്പാദനം വലിയ തോതില്‍ ഉയര്‍ത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് തെളിഞ്ഞത്. തുറസ്സായ സ്ഥലങ്ങളില്‍ വളര്‍ത്തുന്ന ചെടികളെ അപേക്ഷിച്ച് തുണികൊണ്ടുള്ള പ്രത്യേക കവറുകള്‍ ഉപയോഗിക്കുന്ന ചെടികളിലാണ് വിളവ് വന്‍തോതില്‍ കൂടിയത്.

ചെടികളെ കീടങ്ങളില്‍ നിന്നും പ്രതികൂല കാലാവസ്ഥയില്‍ നിന്നും സംരക്ഷിക്കാന്‍ തയാറാക്കിയ പ്രത്യേക തരം ‘3D പോറസ് ഫ്രാബ്രിക്’ കവറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സൈനികരുടെ വസ്ത്രങ്ങളിലും ബോഡി ആര്‍മറുകളിലും കൊതുകിനെ തടയുന്നതിനായി നടത്തിയ ഗവേഷണങ്ങളില്‍ നിന്നാണ് ഈ സാങ്കേതികവിദ്യയുടെ തുടക്കം. പിന്നീട് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. പ്രാണികളെ പൂര്‍ണ്ണമായി തടയുമ്പോഴും ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സൂര്യപ്രകാശം, മഴവെള്ളം, വായുസഞ്ചാരം എന്നിവ ഉള്ളിലേക്ക് കടത്തിവിടാന്‍ ഈ തുണിക്ക് സാധിക്കും.
കീടനാശിനികളുടെ ഉപയോഗവും നനയ്ക്കാനാവശ്യമായ വെള്ളത്തിന്റെ അളവും വന്‍തോതില്‍ കുറയ്ക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ കൃഷിരീതികളിലേക്ക് എളുപ്പത്തില്‍ മാറാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. സ്‌ട്രോബെറിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം മറ്റ് വിളകളിലും പ്ലാന്റ് ആര്‍മര്‍ സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷണ സംഘം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




