കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ സൃഷ്ടിച്ച അപമാനഭാരത്താൽ കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം കൊളങ്ങരക്കണ്ടി സ്വദേശി ദീപക് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഒരു യുവതി ദീപക്കിന്റെ വീഡിയേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
സംഭവിച്ചത് എന്ത്?
കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദീപക് ഔദ്യോഗിക ആവശ്യത്തിനായി കണ്ണൂരിൽ പോയി മടങ്ങുമ്പോഴാണ് സംഭവം. തന്നോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് യുവതി ഷൂട്ട് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ഏകദേശം 23 ലക്ഷത്തിലധികം പേരാണ് ഞായറാഴ്ച ഉച്ചയോടെ ഈ വീഡിയോ കണ്ടത്. വീഡിയോ പുറത്തുവന്നതോടെ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
പ്രതിപക്ഷ ശബ്ദവും പരാതിയും
യുവതിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ദീപക്കിനെതിരെ ഇതുവരെ മോശമായ പരാതികൾ ഒരിടത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. മെഡിക്കൽ കോളജ് പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ നിലപാട്
യുവാവിന്റെ മരണം ദുഃഖകരമാണെന്നും എന്നാൽ താൻ നേരിട്ട അനുഭവം സത്യമാണെന്നും വീഡിയോ പങ്കുവെച്ച യുവതി പ്രതികരിച്ചു. മറ്റൊരു യുവതിയോട് മോശമായി പെരുമാറുന്നത് കണ്ടാണ് വീഡിയോ എടുത്തതെന്നും തന്റെ അടുത്തും ഇതേ രീതിയിൽ പെരുമാറിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും യുവതി വിശദീകരിച്ചു. പൊലീസ് വരും ദിവസങ്ങളിൽ ബസ് ജീവനക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയെടുക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Youth commits suicide after viral video alleging harassment









