വിദേശരാജ്യങ്ങളിലെ കടുത്ത ഒറ്റപ്പെടലും മാനസിക ബുദ്ധിമുട്ടുകളും തുറന്നുപറഞ്ഞ്, കാനഡയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ചെന്നൈ സ്വദേശിയായ യുവാവിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സുദർശൻ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് പ്രവാസ ലോകത്തും നാട്ടിലും പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. പ്രിയപ്പെട്ടവരില്ലാതെ എത്ര പണമുണ്ടാക്കിയിട്ടും കാര്യമില്ലെന്നും കാനഡയിലെ ജീവിതം ആളുകളെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടുന്നുവെന്നുമാണ് യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നത്.
താൻ കാനഡയിൽ നിന്ന് സ്വയം നാടുകടത്തപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നുവെന്നാണ് വീഡിയോയിലൂടെ സുദർശൻ പറയുന്നത്. വർഷങ്ങൾക്ക് ശേഷമാണ് താൻ മനസ്സുതുറന്ന് ചിരിക്കുന്നതെന്നും ‘അടുത്തത് ആരാണ്’ എന്ന ചോദ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇയാൾ വ്യക്തമാക്കുന്നു. വിദേശത്ത് പോയാൽ പണം സമ്പാദിക്കാൻ കഴിയുമെങ്കിലും കടുത്ത ഒറ്റപ്പെടലും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്ന യുവാവിന്റെ തുറന്നുപറച്ചിലാണ് നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
യുവാവിന്റെ വീഡിയോ ചർച്ചയായതോടെ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോളർ സമ്പാദിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം സമാധാനവും സന്തോഷവുമാണെന്ന് ഒരുവിഭാഗം കമന്റ് ചെയ്തപ്പോൾ, കാനഡയിലെ ശുദ്ധവായുവും മികച്ച ജീവിത സാഹചര്യങ്ങളും ആസ്വദിക്കണമെങ്കിൽ ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നാണ് മറ്റ് ചിലർ കുറിച്ചത്. പ്രവാസ ലോകത്തെ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ വീഡിയോ നിലവിൽ കാരണമായിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Tired of life in Canada, mentally exhausted'; Young man ends exile and returns home, video goes viral





