പഞ്ചാബ്: സ്വന്തം വീട്ടിൽ നിന്ന് വാടകക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി. കാനഡയിലേക്ക് താമസം മാറ്റിയതിനെ തുടർന്ന് പഞ്ചാബിലെ ജഗ്രാവോണിലുള്ള വീട് പ്രതിമാസം 20,000 രൂപ നിരക്കിലാണ് ഉടമ ഒരു സ്ത്രീക്ക് വാടകയ്ക്ക് നൽകിയത്. എന്നാൽ ഇന്ത്യയിൽ സന്ദർശനത്തിന് എത്തുമ്പോൾ താമസിക്കാൻ വീട് വേണമെന്ന് ആവശ്യപ്പെട്ട് 2021-ൽ ഇയാൾ വാടകക്കാരിയോട് വീടൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീ വീടൊഴിയാൻ വിസമ്മതിച്ചതോടെ ഉടമ നിയമനടപടികളിലേക്ക് കടന്നു. തുടക്കത്തിൽ കോടതി ഉടമയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും, വാടകക്കാരി പഞ്ചാബ് & ഹരിയാനാ ഹൈക്കോടതിയെ സമീപിച്ചു. കേസ് വിശദമായി പരിശോധിച്ച ഹൈക്കോടതി, വാടകക്കാരിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഉടമയുടെ ഒഴിപ്പിക്കൽ ഹർജി തള്ളുകയും ചെയ്തു.
1949-ലെ ‘ഈസ്റ്റ് പഞ്ചാബ് അർബൻ റെന്റ് റെസ്ട്രിക്ഷൻ ആക്ട്’ പ്രകാരമാണ് ഉടമ കേസ് ഫയൽ ചെയ്തത്, എന്നാൽ ഈ നിയമവകുപ്പ് 2013-ൽ തന്നെ റദ്ദാക്കപ്പെട്ടതായിരുന്നു. 2020-ൽ ആരംഭിച്ച വാടകക്കരാറിന് റദ്ദാക്കിയ നിയമത്തിലെ ആനുകൂല്യം ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പിന്നീട് 1995-ലെ ‘പഞ്ചാബ് റെന്റ് ആക്ട്’ പ്രകാരം കേസ് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, ഉടമയ്ക്ക് പ്രത്യേക ഇളവ് ലഭിക്കണമെങ്കിൽ വാടകക്കരാർ 1995-ന് മുൻപുള്ളതായിരിക്കണമെന്നും ഉടമ ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിന് മടങ്ങിയെത്തണമെന്നുമുള്ള നിബന്ധനകൾ പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
കൂടാതെ, കെട്ടിട നിർമ്മാണം പൂർത്തിയായ ഔദ്യോഗിക തീയതി തെളിയിക്കുന്നതിൽ പരാജയപ്പെട്ടതും തിരിച്ചടിയായി. എന്നാൽ, നിലവിലെ സാങ്കേതിക കാരണങ്ങളാൽ ഹർജി തള്ളിയ കോടതി, ശരിയായ നിയമവഴികളിലൂടെ കേസ് വീണ്ടും സമീപിക്കാൻ ഉടമയ്ക്ക് അവകാശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









