ടൊറന്റോ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (TIFF) അമ്പത്തൊന്നാം പതിപ്പിൽ ചരിത്രനേട്ടവുമായി നാഗാലാൻഡിൽ നിന്നുള്ള ചലച്ചിത്രം ‘ആങ്ഗ്’ (Angh). മേളയിലെ പ്രശസ്തമായ പ്ലാറ്റ്ഫോം വിഭാഗത്തിൽ ലോകത്തിലെ പ്രമുഖരായ 11 സംവിധായകരുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം സ്വന്തമാക്കി. ഇതിനുപുറമേ, ടൊറന്റോയിലെ ഈ ചരിത്രവിജയത്തോടെ നേരിട്ട് ഓസ്കർ നോമിനേഷനിലേക്കുള്ള യോഗ്യത കൂടി നേടിയിരിക്കുകയാണ് ‘ആങ്ഗ്’.
ലണ്ടനിൽ താമസിക്കുന്ന 31-കാരനായ നാഗാലാൻഡ് സ്വദേശി തേജ റിയോ ആണ് ചിത്രത്തിന്റെ സംവിധായകൻ. തേജ റിയോയുടെ ആദ്യ ഫീച്ചർ സിനിമയാണിത്. 2021-ൽ ക്ലെർമോണ്ട് ഫെറാന്റ് അന്താരാഷ്ട്ര മേളയിൽ പുരസ്കാരം നേടിയ തന്റെ 16mm ഹ്രസ്വചിത്രത്തെയാണ് 103 മിനിറ്റ് ദൈർഘ്യമുള്ള ഫീച്ചർ സിനിമയായി അദ്ദേഹം വികസിപ്പിച്ചത്.
1960-കളിൽ അന്നത്തെ ബർമ്മയുമായി അതിർത്തി പങ്കിടുന്ന ഒരു നാഗാ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്. ഗ്രാമത്തിലേക്ക് ഒരു അമേരിക്കൻ മിഷനറി എത്തുന്നതോടെ ആളുകൾ ക്രിസ്തുമതത്തിലേക്ക് മാറുകയും ഗ്രാമം വിട്ടുപോവുകയും ചെയ്യുന്നു. എന്നാൽ പഴയ ആചാരാനുഷ്ഠാനങ്ങൾ മുറുകെപ്പിടിച്ച്, രോഗിയായ ഭാര്യയ്ക്കും സംസാരിക്കാൻ ശേഷിയില്ലാത്ത മകനുമൊപ്പം അവിടെത്തന്നെ കഴിയാൻ ആങ്ബ എന്ന ഗോത്രമൂപ്പൻ തീരുമാനിക്കുന്നു. മാതൃഭാഷയും സംസ്കാരവും വിഴുങ്ങപ്പെടുന്ന കാലഘട്ടത്തിൽ ആ കുടുംബം നേരിടുന്ന മാനസിക സംഘർഷങ്ങളും അച്ഛനും മകനും തമ്മിലുള്ള ബന്ധവുമാണ് ചിത്രം പ്രമേയമാക്കുന്നത്.
ചിത്രത്തിൽ ആങ്ഗ്ലോംഗ് കോണ്യാക് ഗോത്രമുഖ്യനായി വേഷമിടുമ്പോൾ ആമാ കോണ്യാക്, സോബിനോ രംഗ്മ, ജെൻപായ് കോണ്യാക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് നടൻ ഡഗ്ലസ് ഹെൻഷാൽ ആണ് ചിത്രത്തിൽ അമേരിക്കൻ പാസ്റ്ററായി എത്തുന്നത്. തേജ റിയോയും ജെയിംസ് ഡേവിസും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന് പോളണ്ടുകാരനായ ആഡം പീറ്റ്കീവിക്സ് ഛായാഗ്രഹണവും, ടാനിയ ഛബ്രിയ ചിത്രസംയോജനവും, സാഗർ ദേശായ് സംഗീതവും, സുസ്മിത് നാഥും അനുരൂപ് കുക്ക്റേജയും ചേർന്ന് ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
അറിയപ്പെടാത്ത കുഞ്ഞുജീവിതങ്ങൾ നയിക്കുന്ന തന്റെ നാട്ടുകാരായ ഗോത്രജനതയോടുള്ള കടപ്പാടാണ് ഈ ചിത്രമെന്നും അവർ ഇവിടെ ജീവിച്ചിരുന്നു എന്ന് ലോകത്തെ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംവിധായകൻ തേജ റിയോ പറഞ്ഞു.
മേളയിൽ സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’, കാർത്തിക് സുബ്ബരാജിന്റെ ‘ഡോറോത്തി’, റിച്ചി മേത്തയുടെ ‘ഫൂലൻ’ എന്നീ ഇന്ത്യൻ ചിത്രങ്ങളും ശ്രദ്ധനേടി. ഹാവിയേർ കാൽവോ-ഹാവിയേർ ആംബ്രോസി സഖ്യത്തിന്റെ ‘ലാ ബോള നെഗ്ര’ പീപ്പിൾസ് ചോയ്സ് അവാർഡും, സൈമൺ സ്റ്റോണിന്റെ ‘എൽസിനോർ’ ഇന്റർനാഷണൽ പീപ്പിൾസ് ചോയ്സ് അവാർഡും കരസ്ഥമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









